KeralaLatest News

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങള്‍ കുറയ്ക്കാന്‍ ആലോചന, പകരം സമയം കൂട്ടും

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങള്‍ കുറച്ച് സമയം കൂട്ടാന്‍ ആലോചന. പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കാനാണ് ആലോചന. ഞായറാഴ്ചയ്ക്ക് പുറമേ ശനിയാഴ്ചയും അവധി നല്‍കാനാണ് ആലോചിക്കുന്നത്. ഇതിന് പകരം നിലവിലെ പ്രവൃത്തി സമയം വര്‍ധിപ്പിക്കും.

ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ആഴ്ചയില്‍ രണ്ട് ദിവസം ഓഫീസുകള്‍ക്ക് അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട ആലോചന നടക്കുന്നത്. മുമ്പ് മാസത്തിലെ രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കുന്ന ആലോചനയുണ്ടായിരുന്നു. എന്നാല്‍ ജീവനക്കാരുടെ കാഷ്വല്‍ ലീവ് കുറയമെന്ന ഉപാധി വെച്ചതോടെ സര്‍വീസ് സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു.

ഇതില്‍ നിന്ന് വിഭിന്നമായി മാസത്തിലെ എല്ലാ ശനിയും ഞായറും അവധിയാക്കുന്ന തരത്തിലാണ് നിലവിലെ ശിപാര്‍ശ. നിലവില്‍ ഏഴ് മണിക്കൂറാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം. നഗരങ്ങളില്‍ 10.15 മുതല്‍ വൈകീട്ട് 5.15 വരെയും മറ്റിടങ്ങളില്‍ 10 മുതല്‍ അഞ്ച് വരെയുമാണ് പ്രവൃത്തി സമയം. ഇത് മാറ്റുകയാണെങ്കില്‍ 10.15ന് തുടങ്ങുന്ന ഓഫീസുകള്‍ 9.15നോ 9.30നോ ആരംഭിക്കുകയും വൈകുന്നേരം 5.30 അല്ലെങ്കില്‍ 5.45 വരെയാക്കുകയും വേണ്ടി വരും.

ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ സര്‍വീസ് സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്. പൊതുഭരണ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ അടുത്ത മാസം11ന് സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ യോഗം നടക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!