കഞ്ചാവുമായി മൂന്ന് പേര്‍ അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ പിടിയിലായി

അടിമാലി: അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം പാറത്തോട് ഭാഗത്ത് നടത്തിയ പരിശോധനയില്‍ രണ്ട് സംഭവങ്ങളിലായി മൂന്ന് പേര്‍ കഞ്ചാവുമായി പിടിയിലായി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഇന്‍സ്പെക്ടര്‍ രാഹുല്‍ ശശിയും സംഘവും ചേര്‍ന്ന് പാറത്തോട് ഭാഗത്ത് നടത്തിയ പരിശോധയിലാണ് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തത്. ഒരു കിലോ നൂറ്റിപ്പത്ത് ഗ്രാം കഞ്ചാവ് കൈവശം വച്ച സംഭവത്തിലാണ് മാവടി സ്വദേശി ജോസഫിനെ നാര്‍ക്കോട്ടിക് സംഘം പിടികൂടിയത്.
മുമ്പും കഞ്ചാവ് കേസില്‍ പ്രതിയായിട്ടുള്ള ഇയാളെ ദിവസങ്ങളായി എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് വാങ്ങി പാറത്തോട്, മാവടി ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പനക്കായി എത്തിക്കുന്നതാണ് പ്രതിയുടെ രീതിയെന്നാണ് നാര്‍ക്കോട്ടിക് സംഘം ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. 10 ഗ്രാം കഞ്ചാവ് കൈവശം വച്ച സംഭവത്തിലാണ് പാറത്തോട് സ്വദേശികളായ ജെയ്‌സണ്‍, ടോമി എന്നിവര്‍ പിടിയിലായത്.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ദിലീപ് എന്‍ കെ, സെബാസ്റ്റ്യന്‍ പി എ, ബിജു മാത്യു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അബ്ദുള്‍ ലത്തീഫ്, മുഹമ്മദ് ഹാഷിം, സുബിന്‍ പി വര്‍ഗീസ്, അലി അഷ്‌കര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ നിതിന്‍ ജോണി എന്നിവര്‍ പരിശോധനകളില്‍ പങ്കെടുത്തു.