മൂന്നാര്‍ ടൗണിലെ വ്യാപാരികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം നിയമപരമായും അല്ലാതെയും നേരിടും; കോണ്‍ഗ്രസ്

മൂന്നാര്‍: ആറ്റുപുറമ്പോക്കില്‍ പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് മൂന്നാര്‍ ടൗണിലെ വ്യാപാരികളെ കുടിയൊഴിപ്പിക്കാനുള്ള ചില ഉദ്യോഗസ്ഥരുടെയും ഗൂഡസംഘങ്ങളുടെയും നീക്കം നിയമപരമായും അല്ലാതെയും നേരിടുമെന്ന് മൂന്നാറിലെ കോണ്‍ഗ്രസ് നേതൃത്വം.
മൂന്നാര്‍ ടൗണില്‍ പ്രവര്‍ത്തിച്ച് വരുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് മുന്നോടിയായി ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനാവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍ നോട്ടീസ് നല്‍കിയിട്ടുള്ള സാഹചര്യത്തിലാണ് വിഷയത്തില്‍ വ്യാപാരികള്‍ക്ക് പിന്തുണയുമായി മൂന്നാറിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുള്ളത്.
ആറ്റുപുറമ്പോക്കില്‍ പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് വ്യാപാരികളെ കുടിയൊഴിപ്പിക്കാനുള്ള ചില ഉദ്യോഗസ്ഥരുടെയും ഗൂഡസംഘങ്ങളുടെയും നീക്കം നിയമപരമായും അല്ലാതെയും നേരിടുമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഈ വിഷയത്തില്‍ ജനങ്ങളെ അണിനിരത്തി സമര പരിപാടികള്‍ നടത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മൂന്നാറില്‍ പറഞ്ഞു. ഒരു നൂറ്റാണ്ടിലധികമായി സ്വകാര്യ കമ്പനിയില്‍ നിന്നു ലഭിച്ച സ്ഥലത്ത് കടകള്‍ നിര്‍മിച്ച് വ്യാപാരം നടത്തി വരുന്ന 44 വ്യാപാരികള്‍ക്കാണ് ഇപ്പോള്‍ ആറ്റുപുറമ്പോക്ക് എന്ന പേരില്‍ കുടിയൊഴിപ്പിക്കുന്നതിന് മുന്നോടിയായി നോട്ടീസ് നല്‍കിയിരിക്കുന്നത്.
വ്യാപാരികള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ പേരിലുള്ള കോടതി വിധി വളച്ചൊടിച്ചാണ് നിലവില്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്വകാര്യ കമ്പനിയില്‍ നിന്നു ആധാരം ചെയ്തു വാങ്ങിയ ഭൂമിയില്‍ നിര്‍മിച്ച വ്യാപാര സ്ഥാപനങ്ങള്‍ ഒഴിപ്പിക്കാന്‍ ഒരു കാരണവശാലും അനു വദിക്കില്ലെന്നും വ്യാപാരികളുടെയും അവിടെ ജോലി ചെയ്യുന്ന തൊഴിലാളി കുടുംബങ്ങളെയും വഴിയാധാരമാക്കാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കളായ എ കെ മണി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എസ് വിജയകുമാര്‍, മണ്ഡലം പ്രസിഡന്റ് സി നെല്‍സണ്‍ എന്നിവര്‍ വ്യക്തമാക്കി.



