
മൂന്നാര്‍: മഴക്കാലം കഴിഞ്ഞതോടെ മൂന്നാറിന്റെ വിവിധയിടങ്ങളിലായി കുറിഞ്ഞി ചെടികള്‍ പൂവിട്ടു. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂവിടുന്ന കുറിഞ്ഞിച്ചെടികള്‍ 2018 ലാണ് മൂന്നാറിന്റെ മലനിരകളെ നീലവസന്തത്തിലാക്കിയത്. കൊളക്കുമലയിലെ മലനിരകളിലും ഇരവികുളം നാഷണര്‍ പാര്‍ക്കിന്റെ ഭാഗമായി രാജമലയിലുമാണ് കുറിഞ്ഞിച്ചെടികള്‍ പൂത്തത്. അന്ന് ആയിരക്കണക്കിന് സഞ്ചാരികളാണ് കുറിഞ്ഞി വസന്തം കാണുവാന്‍ മൂന്നാറിലെത്തിയത്.
അടുത്തതായി 2030 ലാണ് കുറിഞ്ഞിച്ചെടികള്‍ പൂവിടാന്‍ സാധ്യതയുള്ളതെന്നാണ് പ്രതീക്ഷ. അതിനിടയിലാണ് മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി പോകുന്ന വഴിയിലെ ചിലയിടങ്ങളിലും ഗ്രാംസ്ലാന്ഡ് എസ്റ്റേറ്റിന്റെ ചിലയിടങ്ങളിലും മൂന്നാര്‍ എഞ്ചിനിയറിംഗ് കോളേജ് റോഡിലും കുറിഞ്ഞി ചെടികള്‍ പൂവിട്ടിട്ടുള്ളത്. സാധാരണ കുറിഞ്ഞി ചെടികള്‍ വ്യാപകമായി മലനിരകളില്‍ പൂത്തുലയുന്നതിന് മുമ്പായി ഇത്തരത്തില്‍ ചിലയിടങ്ങളില്‍ കുറിഞ്ഞി പൂക്കള്‍ വിരടാറുണ്ട്.
വീണ്ടും കുറിഞ്ഞി വസന്തമുണ്ടായാല് ആ കാഴ്ച്ച കാണുവാന്‍ സഞ്ചാരികള്‍ മൂന്നാറിലേക്കൊഴുകും. അതു കൊണ്ടു തന്നെ കുറിഞ്ഞിക്കാലത്തിന് വരവേകിയുള്ള പൂക്കളാണോ ഇപ്പോള്‍ വിരിഞ്ഞിട്ടുള്ളത് എന്ന ആകാംക്ഷ മൂന്നാറിന്റെ ടൂറിസം മേഖലക്കുണ്ട്. എന്തായാലും 2030ല്‍ വരാന്‍ പോകുന്ന കുറിഞ്ഞി വസന്തത്തിന് മുമ്പെ കുറിഞ്ഞിച്ചെടികള്‍ അങ്ങിങ്ങായി പൂവിട്ടു നില്ക്കുന്ന കാഴ്ച്ച സഞ്ചാരികള്‍ക്ക് കൗതുകവും സന്തോഷവും നല്‍കുന്നുണ്ട്.



