ഓണക്കാലമെത്തിയതോടെ പപ്പട വിപണി സജീവമായി; അറിയാം അല്‍പ്പം പപ്പട വിശേഷം

അടിമാലി: ഓണം ഉണ്ടറിയണമെന്നാണ് പറയാറ്. ഓണക്കോടിയും ഊഞ്ഞാലും ഓണപ്പൂക്കളവുമൊക്കെ ഉണ്ടെങ്കിലും ഓണസദ്യകൂടിയെത്തുമ്പോഴെ മലയാളിയുടെ ഓണാഘോഷം പൂര്‍ണ്ണമാകു. തൊടുകറികളും തുമ്പപ്പൂ ചോറും നിറഞ്ഞിരിക്കുന്ന തൂശനിലയില്‍ നിറയെ കുമിളകളുമായി സ്വര്‍ണ്ണനിറത്തിലുള്ള പപ്പടം കൂടി ആകുമ്പോഴെ ഓണസദ്യ തൃപ്തിയാകു.ഓണ സദ്യക്ക് ഒഴിച്ചു കൂടാനാവാത്ത വിഭവമെന്ന നിലയില്‍ വിപണിയില്‍ പപ്പടത്തിന് ഏറ്റവും അധികം ആവശ്യക്കാര്‍ ഏറുന്നത് ഓണക്കാലത്താണ്.
അതുകൊണ്ടു തന്നെ പപ്പട നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിപ്പോള്‍ തിരക്കിലാണ്. പപ്പടം പൊടിക്കുന്നതു പോലെ അത്രനിസാരമല്ല പപ്പട നിര്‍മ്മാണം. ഉഴുന്ന്,പപ്പടക്കാരം,അരിപ്പൊടി,നല്ലെണ്ണ ഇവയൊക്കെയാണ് പപ്പടനിര്‍മ്മാണത്തിനാവശ്യമായ ചേരുവകള്‍. അളവുകള്‍ കടുകിട തെറ്റിയാല്‍ പപ്പിടം പൊള്ളില്ല. ഉണക്ക് കിറുകൃത്യമായിരിക്കണം. കനംകൂടാനും കുറയാനും പാടില്ല.ഉഴുന്ന്്, പപ്പടക്കാരം ഇവയുടെ ഗുണമേന്മ കുറഞ്ഞാലും പപ്പടത്തിന്റെ സ്വഭാവം മാറും.
ഉഴുന്നടക്കമുള്ള ചേരുവകളുടെ വില വര്‍ധനവ് ഈ ഓണക്കാലത്ത് വില്ലനായിട്ടുണ്ടെന്ന് പപ്പട നിര്‍മ്മാണ യൂണിറ്റ് ഉടമയായ ബാബു പറയുന്നു. ഒരു കിലോഗ്രാം പപ്പടത്തിന് 200 രൂപ വരെയാണ് ഈ ഓണക്കാലത്തെ ചില്ലറവില്‍പ്പന വില. നിര്‍മ്മാണച്ചിലവ്, മഴ തുടങ്ങിയ പ്രതിസന്ധികളുണ്ടെങ്കിലും ഈ ഓണക്കാലത്തെ പ്രതീക്ഷയോടെ കണ്ടാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുമ്പോട്ട് പോകുന്നത്.