മൂന്നാര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വൈദ്യുതി ലഭിക്കാന്‍ സാഹചര്യമൊരുങ്ങുന്നു

മൂന്നാര്‍: മൂന്നാര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വൈദ്യുതി ലഭിക്കാന്‍ സാഹചര്യമൊരുങ്ങുന്നു.കഴിഞ്ഞ 20 ദിവസത്തിലധികമായി മൂന്നാര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 120 ഓളം വിദ്യാര്‍ത്ഥികള്‍ വൈദ്യുതിയും വെള്ളമില്ലാതെ ദുരിതമനുഭവിക്കുകയാണ്. കെട്ടിടത്തിന് വൈദ്യുതി ലഭിക്കേണ്ട രേഖകള്‍ ലഭിക്കാത്തതിനാല്‍ സമീപത്തെ ഹൈസ്‌കൂള്‍ വിഭാഗം കെട്ടിടത്തില്‍ നിന്നുമാണ് താല്‍ക്കാലികമായി ഇവിടേക്ക് വൈദ്യുതി എത്തിച്ചിരുന്നത്.
അടുത്തിടെ കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം ഉണ്ടായതിനെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം സ്‌കൂളുകളില്‍ സുരക്ഷ പരിശോധന നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹയര്‍സെക്കണ്ടറി വിഭാഗം കെട്ടിടത്തിലേക്കുള്ള താല്‍ക്കാലിക വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. വൈദ്യുതി ഇല്ലാതായതോടെ അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതിസന്ധിയിലായി. ഇതില്‍ പ്രതിഷേധം നിലനില്‍ക്കെയാണ് വൈദ്യുതി ലഭ്യമാക്കാനുള്ള കെട്ടിടത്തിന് മൂന്നാര്‍ പഞ്ചായത്ത് നമ്പര്‍ അനുവദിച്ചു നല്‍കി.
172/1 എന്ന നമ്പറാണ് പഞ്ചായത്ത് അനുവദിച്ചു നല്‍കിയിരിക്കുന്നത്. ഈ നമ്പര്‍ പ്രകാരം വൈദ്യുതി ലഭിക്കുന്നതിനുള്ള തുടര്‍നടപടികള്‍ക്കായി അധ്യാപകര്‍ ബന്ധപ്പെട്ടവര്‍ക്ക് അപേക്ഷ നല്‍കും. തുടര്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം സ്‌കൂളില്‍ വൈദ്യുതി ലഭിക്കും എന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും.