ആലുവ മൂന്നാര്‍ രാജപാതയും മലയോര ഹൈവേയും തുറക്കണം; മാങ്കുളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ജനകീയ മാര്‍ച്ച്

അടിമാലി: ആലുവ മൂന്നാര്‍ രാജപാതയും മലയോര ഹൈവേയും തുറക്കണമെന്നാവശ്യപ്പെട്ട് മാങ്കുളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ജനകീയ മാര്‍ച്ച് നടക്കും. രാവിലെ 10.30ന് പെരുമ്പന്‍കുത്തില്‍ നിന്ന് കുറത്തിക്കുടിയിലേക്കാണ് ജനകീയ മാര്‍ച്ച് നടത്താന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. മാര്‍ച്ചിന് മുന്നോടിയായി ഉദ്ഘാടന യോഗം നടക്കും. കുറത്തിക്കുടിയില്‍ ജനകീയ മാര്‍ച്ചിന്റെ സമാപന സമ്മേളനം നടക്കും.
രാജ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട പഴയ ആലുവ മൂന്നാര്‍ രാജ പാത സഞ്ചാരത്തിനായി തുറന്നു നല്‍കണമെന്ന ആവശ്യത്തിന് വീണ്ടും ശക്തിയാര്‍ജ്ജിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് മാങ്കുളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുള്ളത്. നിലവില്‍ വനംവകുപ്പ് അധീനപ്പെടുത്തിയിട്ടുള്ള പഴയ ആലുവ മൂന്നാര്‍ രാജ പാതയിലൂടെ യാത്ര അനുവദനീയമല്ല. ഇടുക്കിയുടെ വിനോദ സഞ്ചാരമേഖലക്കും മാങ്കുളമടക്കമുള്ള കാര്‍ഷിക ഗ്രാമങ്ങളുടെ വികസനത്തിനും വിവിധ ആദിവാസി ഊരുകളുടെ അടിസ്ഥാന സൗകര്യ വര്‍ധനവിനും സഹായകരമാകുന്ന റോഡിന്റെ നവീകരണം സാധ്യമാക്കി ഗതാഗതത്തിനായി തുറന്നു നല്‍കണമെന്നാണ് ആവശ്യം.