
അടിമാലി: ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിൽനിന്നിരുന്ന വലിയ മരം കടപുഴകി വീണു. അവധി ദിവസമായതിനാൽ കുട്ടികൾ ഗ്രൗണ്ടിൽ ഉണ്ടായിരുന്നില്ല. ഇതിനാൽ വലിയ അപകടം ഒഴിവായി. വ്യാഴാഴ്ച ഉച്ചയോടെയാണ് ഗ്രൗണ്ടിൽ മരംവീണത്. സംഭവം നടക്കുമ്പോൾ ടൗണിലും പരിസരത്തും ശക്തമായമഴയും ചെറിയരീതിയിൽ കാറ്റും ഉണ്ടായിരുന്നു.
മരംവീഴുന്നതിന് ഏതാനും സമയംമുൻപ് പുറത്തുനിന്നുള്ള കുട്ടികൾ ഗ്രൗണ്ടിൽ കളിക്കുന്നുണ്ടായിരുന്നു. മാത്രമല്ല ഡ്രൈവിങ് പരിശീലനത്തിനായി ആളുകൾ ഡ്രൈവിങ് പരിശീലനവും ഗ്രൗണ്ടിൽ നടത്തുന്നുണ്ടായിരുന്നു. ശക്തമായ മഴയായതിനാൽ ഇവരെല്ലാം ഗ്രൗണ്ടിൽ നിന്നും കയറിയ സമയത്താണ് മരം നിലംപൊത്തിയത്.
കഴിഞ്ഞമാസം ഗ്രൗണ്ടിന് എതിർവശത്ത് നിന്നിരുന്ന ഏതാനും മരങ്ങൾ പ്രദേശവാസികളുടെ പരാതിയെ തുടർന്ന് വെട്ടിനീക്കിയിരുന്നു. ഇപ്പോൾ നിലത്തുവീണ മരത്തിന്റെ അടിഭാഗം ദ്രവിച്ച നിലയിലായിരുന്നു. ഈ സ്കൂൾഗ്രൗണ്ടിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളെ സംബന്ധിച്ചും ഈ മരങ്ങളുടെ അവസ്ഥകളെ സംബന്ധിച്ച് ആധുനിക രീതിയിലുള്ള പരിശോധന നടത്തണമെന്നും കാണിച്ച് മാതൃഭൂമി വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് വിദ്യാഭ്യാസ വകുപ്പും വനംവകുപ്പും പഞ്ചായത്തും യാതൊരു നടപടിയും സ്വീകരിച്ചില്ല. സ്കൂളിന്റെ ഗ്രൗണ്ടിലും നിരവധി വലിയ മരങ്ങളാണ് നിൽക്കുന്നത്. മരങ്ങൾക്ക് 50 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.