
സംസ്ഥാനത്ത് പലയിടത്തും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ആഗസ്റ്റ് 30, 31 തീയതികളിൽ ജലമാണ് ജീവൻ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
അമീബിക് മസ്തിഷ്ക ജ്വരം, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി ജലമാണ് ജീവൻ ക്യാമ്പയിൻ ഭാഗമായി കിണറുകൾ ജലസംഭരണ ടാങ്കുകൾ എന്നിവയുടെ ശുചീകരണവും ക്ലോറിനേഷനും ഉറപ്പുവരുത്തുമെന്നും വീടുകൾ, സ്ഥാപനങ്ങൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ഹോസ്റ്റലുകൾ , റിസോർട്ടുകൾ എന്നിവിടങ്ങളിൽ ആഗസ്റ്റ് 30, 31 തീയതികളിൽ ശുചീകരണവും ക്ലോറി റേഷനും, ബോധവത്കരണ ക്ലാസ്സുകളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തുമെന്നും ക്യാമ്പയിനിൽ പൊതുജനങ്ങളും പങ്കാളികളാകണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
അമീബിക് മസ്തിഷ്ക ജ്വരം എന്ന
അപൂർവ്വമായി ഉണ്ടാകുന്ന ഈ രോഗം നീഗ്ലേറിയ ഫൗളേറി എന്ന ഏകകോശ ജീവിയാണ് പരത്തുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനേയും മസ്‌തിഷ്‌ക്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ്ണ പടലത്തിലെ സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടന്ന് രോഗമുണ്ടാക്കുന്നു.
പ്രാഥമിക ലക്ഷണങ്ങൾ
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിയാണ് പ്രാഥമിക ലക്ഷണങ്ങൾ. ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവ കുഞ്ഞുങ്ങളിൽ പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങളാണ്. രോഗം ഗുരുതരാവസ്ഥയിലായാൽ ഓർമക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിയുമുണ്ടാകും. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം.
ജാഗ്രത
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ നീന്തുകയോ ചെയ്‌തവർ ആ വിവരം ഡോക്ടറെ നിർബന്ധമായും അറിയക്കുക. പ്രതിരോധ മാർഗങ്ങൾ നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളിൽ ചാടുന്നത്, മുങ്ങുന്നത് ഒഴിവാക്കുക.
പൊതുജലസ്രോതസ്സുകൾ കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ ചെയ്യുക നീന്തുമ്പോൾ അല്ലെങ്കിൽ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളിൽ, നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കിൽ മുക്ക് വിരലുകളാൽ മൂടുക. ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ നീന്തുമ്പോൾ തല വെള്ളത്തിന് മുകളിൽ സൂക്ഷിക്കുക.
ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, ചെളി, അടിത്തട്ട് കുഴിക്കുന്നത്, കലക്കുന്നത് ഒഴിവാക്കുക. നീന്തൽക്കുളങ്ങൾ, വാട്ടർ തീം പാർക്കുകൾ, സ്‌പാകൾ എന്നിവ വൃത്തിയാക്കി എല്ലാ ദിവസവും ക്ലോറിനേഷൻ ചെയ്‌ത്, പരിപാലിക്കണം. സ്പ്രിങ്കളറുകൾ, ഹോസുകൾ എന്നിവയിൽ നിന്നും വെള്ളം മുക്കിനുള്ളിൽ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക.തിളപ്പിച്ച് ശുദ്ധി വരുത്താത്ത വെള്ളം ഒരു കാരണവശാലും കുട്ടികളുടേയോ മുതിർന്നവരുടേയോ മൂക്കിൽ ഒഴിക്കരുത്. ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോൾ മുഖം കഴുകുമ്പോൾ വെള്ളം മൂക്കിനുള്ളിലേക്ക് പോകാതെ സൂക്ഷിക്കുക. ജലാശയങ്ങൾ മലിനമാകാതെ സൂക്ഷിക്കുക. പൊതു ജലാശയങ്ങളിലേക്ക് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ഒഴുക്കരുത്.
ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ജല സംഭരണികളും വലിയ ടാങ്കുകളും മൂന്ന് മാസം കൂടുമ്പോൾ നല്ലത് പോലെ തേച്ച് വൃത്തിയാക്കണം.