
മകന്റെ മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മുതിർന്ന സിപിഎം നേതാവ് മരിച്ചു. രാജകുമാരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സിപിഎം രാജാക്കാട് മുൻ ഏരിയ കമ്മറ്റിയംഗവുമായിരുന്ന രാജകുമാരി കജനാപ്പാറ സ്വദേശി എസ്.ആണ്ടവർ(84) ആണ് ഇന്ന് രാവിലെ അഞ്ചരയോടെ തമിഴ്നാട് മധുര മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്ത ആണ്ടവരുടെ മകൻ മണികണ്ഠൻ(50)നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ 24ന് രാത്രി 11.30നാണ് മദ്യലഹരിയിലെത്തിയ മണികണ്ഠൻ സ്വത്തു തർക്കത്തെ തുടർന്ന് ആണ്ടവരെ കിടപ്പുമുറിയിൽ വച്ച് കൈകൊണ്ടും പെഡസ്റ്റൽ ഫാൻ കൊണ്ടും മുഖത്ത് അടിക്കുകയും കട്ടിലിൽ നിന്ന് വലിച്ച് താഴെയിട്ട് മുഖത്തും തലയിലും പല തവണ ചവിട്ടുകയും ചെയ്തത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ബഹളം കേട്ടെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് മുഖത്തും 2 കണ്ണിനും ഗുരുതരമായി പരുക്കേറ്റ ആണ്ടവരെ തേനി മെഡിക്കൽ കോളജിൽ എത്തിച്ചത്.
പിറ്റേന്ന് മധുര മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സിയിലിരിക്കെ അണുബാധയുണ്ടായതോടെ ആണ്ടവരുടെ നില കൂടുതൽ ഗുരുതരമായി. തുടർന്ന് ഇന്ന് രാവിലെ അഞ്ചരയോടെ മരിച്ചു. രാജാക്കാട് പൊലീസ് ആശുപത്രിയിലെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും