
മൂന്നാര്‍: സംസ്ഥാനതല ഓണാഘോഷങ്ങള്‍ക്ക് പുറമെ നിയോജക മണ്ഡലങ്ങളിലും ഓണാഘോഷ പരിപാടികള്‍ നടക്കുന്നുണ്ട്. ദേവികുളം നിയോജക മണ്ഡലതല ഓണാഘോഷം ഇത്തവണ മൂന്നാറില്‍ വച്ച് നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്. തദ്ദേശിയരായ ആളുകള്‍ക്ക് പുറമെ മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികളെ കൂടി ലക്ഷ്യമിട്ടാണ് ആഘോഷ പരിപാടികള്‍ ഒരുങ്ങുന്നത്. അടുത്തമാസം 4 മുതല്‍ 7 വരെ ഓണാഘോഷ പരിപാടികള്‍ നടക്കും.
ഡി ടി പി സിയുടെ സഹകരണത്തോടെ മൂന്നാര്‍, ദേവികുളം, പള്ളിവാസല്‍ പഞ്ചായത്തുകള്‍ സംയുക്തമായാണ് ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍ നടത്തുന്നതെന്ന് അഡ്വ. എ രാജ എം എല്‍ എ പറഞ്ഞു. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഏഴാം തിയതി ഘോഷയാത്ര നടക്കും. ഘോഷയാത്ര ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സമാപിച്ച ശേഷം പൊതുസമ്മേളനം നടക്കും.
അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ മൂന്നാറിലേക്ക് വലിയ തോതില്‍ വിനോദ സഞ്ചാരികള്‍ എത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. വിനോദ സഞ്ചാരികള്‍ക്ക് കൂടി ആസ്വദിക്കാനാകുംവിധമാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.