
മൂവാറ്റുപുഴ: കെഎസ്ആർടിസി ബസിൽ അപകടകരമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിച്ച സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദ് ചെയ്തു. മൂവാറ്റുപുഴ ഡിപ്പോയിലെ ഡ്രൈവർ എൽദോസ് വർക്കിയുടെ ലൈസൻസ് ആണ് റദ്ദ് ചെയ്തത്. നല്ല ഡ്രൈവറാകാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ച് (ഐഡിടിആർ) നൽകുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
മൂവാറ്റുപുഴ ഇലാഹിയ എഞ്ചിനീയറിംഗ് കോളേജിലെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി വാടകയ്ക്ക് എടുത്ത കെഎസ്ആർടിസി ബസിലും മറ്റു സ്വകാര്യ വാഹനങ്ങളിലും വിദ്യാർത്ഥികൾ അപകടകരമായി സഞ്ചരിച്ച സംഭവത്തിലാണ് നടപടി.
ഘോഷയാത്രയിൽ പങ്കെടുത്ത മറ്റു വാഹനങ്ങളുടെ ഉടമസ്ഥരെ വിളിച്ചു വരുത്തി വാഹനം ഓടിച്ചവരെ ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഹാജരാകുന്ന മുറയ്ക്ക് വാഹനം ഓടിച്ചവരുടെ ലൈസൻസിൽ നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ അറിയിച്ചു.