പ്രാര്‍ഥനയും നേര്‍ച്ചയും മറയാക്കി സ്വര്‍ണകവര്‍ച്ച; ഇടുക്കിയില്‍ തട്ടിപ്പുസംഘം പിടിയില്‍

പ്രാർത്ഥനയും നേർച്ചയും മറയാക്കി സ്വർണം കവരുന്ന സംഘം ഇടുക്കിയിൽ പിടിയിൽ. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് പേരാണ് കരിമണ്ണൂർ പൊലീസിന്റെ പിടിയിലായത്. ഒറ്റയ്ക്ക് താമസിക്കുന്ന 66 കാരിയിൽ നിന്ന് സ്വർണ്ണം കവർന്ന കേസിൽ നടത്തിയ അന്വേഷണമാണ് കവർച്ച സംഘത്തെ കുടുക്കിയത്
ഉപ്പ് മുതൽ കർപ്പൂരം വരെ വിൽക്കാനെന്ന പേരിൽ വീടുകളിൽ കയറിയിറങ്ങും. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് സ്വർണം കവരും. ഇതാണ് തട്ടിപ്പിന്റെ രീതി. തൊടുപുഴ പാറക്കടവ് സ്വദേശികളായ വിജീഷ്, ഷാജിത, സുലോചന, സുലോചനയുടെ മകൾ അഞ്ജു എന്നിവരാണ് ഒടുവിൽ കുടുങ്ങിയത്. കരിമണ്ണൂർ സ്വദേശിയായ വത്സമ്മയിൽ നിന്ന് കഴിഞ്ഞമാസമാണ് സംഘം സ്വർണം കവർന്നത്. കുടുംബത്തിൽ ഐശ്വര്യമുണ്ടാകാൻ സ്വർണ്ണം നേർച്ചയായി നൽകി പ്രാർത്ഥിക്കണമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. വത്സമ്മയിൽ നിന്ന് എട്ട് ലക്ഷം രൂപയുടെ ആഭരണങ്ങളാണ് കവർന്നത്. തൊടുപുഴ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ സൂത്രധാരൻ വിജീഷ് ആണെന്ന് കണ്ടെത്തിയത്. വിജീഷിനെ ചോദ്യം ചെയ്തതോടെ മറ്റുള്ളവരും പിടിയിലായി
കോട്ടയം, ഏറ്റുമാനൂർ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ പ്രതികൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കോട്ടയത്തെ കേസിൽ വാദം തുടങ്ങാനിരിക്കെയാണ് പ്രതികൾ വീണ്ടും വലയിലായത്. ഇടുക്കിയിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്