അടിസ്ഥാന സൗകര്യങ്ങളില്ല; തദ്ദേശതിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌ക്കരിക്കാന്‍ ഒരുങ്ങി വിവിധ ആദിവാസി ഉന്നതികളിലെ ആളുകള്‍

മൂന്നാര്‍: അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌ക്കരിക്കാന്‍ ഒരുങ്ങുകയാണ് വട്ടവട മേഖലയിലെ വിവിധ ആദിവാസി ഉന്നതികളിലെ ആളുകള്‍. സ്വാമിയാറളക്കുടി, കൂടല്ലാറ് കുടി, വത്സപ്പെട്ടിക്കുടി തുടങ്ങി വട്ടവട പഞ്ചായത്തിലെ അഞ്ച് ആദിവാസി ഉന്നതികളിലെ ആളുകളാണ് വരാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌ക്കരണത്തിനൊരുങ്ങുന്നത്.ഈ ആദിവാസി ഉന്നതികളിലേക്കുള്ള റോഡ് ഏറെ നാളുകളായി തകര്‍ന്ന് കിടക്കുകയാണ്.
ഇത് വലിയ യാത്രാ ക്ലേശമുയര്‍ത്തുന്ന സ്ഥിതിയുണ്ട്. ചികിത്സക്കടക്കം വേണ്ടുന്ന മറ്റടിസ്ഥാന സൗകര്യങ്ങളും ഉന്നതികളില്‍ അന്യമാണ്. നാളിതുവരെ മാറി മാറി വരുന്ന ഭരണ നേതൃത്വങ്ങള്‍ ഇക്കാര്യങ്ങളില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ വോട്ട് ബഹിഷ്‌ക്കരണത്തിനൊരുങ്ങുന്നതെന്ന് ഉന്നതികളിലെ ആളുകള്‍ വ്യക്തമാക്കി. വട്ടവട പഞ്ചായത്തിലെ ഒന്ന്, പതിനാല് വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ആദിവാസി ഉന്നതികളിലെ ആളുകളാണ് വോട്ട് ബഹിഷ്‌ക്കരണ തീരുമാനവുമായി മുമ്പോട്ട് പോകുന്നത്.
വോട്ട് ബഹിഷ്‌ക്കരിക്കുക മാത്രമല്ല ഈ വാര്‍ഡുകളില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രതിനിധികളെ നിര്‍ത്തുവാനും വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ അനുവദിക്കില്ലെന്ന നിലപാടിലാണ് ഉന്നതികളിലെ ആളുകള്‍. ഇനിയെങ്കിലും റോഡടക്കം ഉന്നതികളിലേക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യം ഒരുക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും ഉന്നതികളിലെ കുടുംബങ്ങള്‍ ആവശ്യമുന്നയിക്കുന്നു.