കാന്തല്ലൂരില്‍ കാടുകയറാതെ കാട്ടാനകള്‍ ജനവാസ മേഖലയില്‍ നാശം വിതയ്ക്കുന്നു

മൂന്നാര്‍: കാന്തല്ലൂരില്‍ കാടുകയറാതെ കാട്ടാനകള്‍ ജനവാസ മേഖലയില്‍ നാശം വിതയ്ക്കുന്നു. കഴിഞ്ഞ ദിവസം രാവിലെ മൂന്ന് മണിക്കാണ് കാന്തല്ലൂരിലെ നെസ്റ്റ് കോട്ടേജില്‍ കാട്ടാനയെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വ്യാപക നാശം വരുത്തിയത്. രണ്ട് കാട്ടാനകളാണ് റിസോര്‍ട്ടിലെത്തിയത്. റിസോര്‍ട്ടില്‍ സ്ഥാപിച്ചിരുന്ന കമ്പിവേലികള്‍ കാട്ടാന തകര്‍ത്തു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന വാഴ കൃഷി പൂര്‍ണ്ണമായി നശിപ്പിച്ചു.
പട്ടാളക്കാരനായ പ്രതീഷ് ലീസിനെടുത്ത് നടത്തുന്നതാണ് റിസര്‍ട്ട്. അഞ്ചാം തവണയാണ് ഇവിടെ കാട്ടാനയെത്തി ആക്രമണം നടത്തുന്നതെന്നും ഓരോ തവണയും വലിയ നഷ്ടം ഉണ്ടാകുന്നുണ്ടെന്നും ഇവര്‍ പറയുന്നു. പ്രദേശത്ത് കഴിഞ്ഞവര്‍ഷം വ്യാപകമായി കൃഷി നാശവും അപകടവും സംഭവിച്ചതിനെ തുടര്‍ന്ന് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പ്രദേശത്ത് നിന്നും വനത്തിലേക്ക് കാട്ടാനകളെ കടത്തിവിട്ടത്.
എന്നാല്‍ കഴിഞ്ഞ ആഴ്ച മുതല്‍ വീണ്ടും പ്രദേശത്ത് കാട്ടാനകള്‍ എത്തി തമ്പടിച്ചിരിക്കുന്ന സ്ഥിതിയുണ്ട്. വിവരം അറിയിച്ചാല്‍ പോലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്താറില്ലെന്നും രാത്രിയില്‍ കാട്ടാന എത്തിയ വിവരം അറിയിച്ചിട്ടും ഉദ്യോഗസ്ഥരെത്തിയത് രാവിലെ ആണെന്നും ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.bചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും കടന്ന് ജനവാസ മേഖലയില്‍ എത്തുന്ന കാട്ടാനകള്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പാമ്പന്‍പാറ, പുതുവെട്ട്, പെരടിപള്ളം, വേട്ടക്കാരന്‍ കോവില്‍, ശിവന്‍ പന്തിവഴിയാണ് ഗ്രാമങ്ങളിലേക്ക് കടക്കുന്നത്.
ഈ പാതയില്‍ വനപാലകര്‍ നിരീക്ഷണം നടത്തി കാട്ടാനകളെ തടഞ്ഞ് തിരിച്ചു വിടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.