മാങ്കുളത്ത് കാട്ടാനശല്യം രൂക്ഷം; ഡി എഫ് ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

മാങ്കുളം: മാങ്കുളം ഗ്രാമപഞ്ചായത്തിലെ വിരിപാറ, മുനിപാറ മേഖലകളില്‍ വര്‍ധിച്ച് വരുന്ന കാട്ടാനശല്യം നിയന്ത്രിക്കാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് വിരിപാറ ഡിഎഫ്ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. മുനിപാറ ഫഌിംഗ് സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും മാങ്കുളം ജനകീയ കൂട്ടായ്മയുടെയും നേതൃത്വത്തിലായിരുന്നു സമരം നടന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാങ്കുളം ഗ്രാമപഞ്ചായത്തിലെ വിരിപാറ, മുനിപാറ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാണ്. പകല്‍ സമയത്ത് പോലും റോഡിലും ജനവാസമേഖലകളിലും കാട്ടാനയിറങ്ങുന്ന സ്ഥിതിയുണ്ട്. കല്ലാര്‍ മാങ്കുളം റോഡിലൂടെയുള്ള യാത്രയും ഇതോടെ ദുഷ്‌ക്കരമായി. ഈ സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രകടനമായെത്തിയ പ്രതിഷേധക്കാരെ ഡിഎഫ്ഒ ഓഫീസിന് മുമ്പില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് സമരക്കാര്‍ റോഡില്‍ കുത്തിയിരുന്നു. പ്രതിഷേധ ധര്‍ണ്ണ മാങ്കുളം സെന്റ് മേരീസ് പള്ളി വികാരി ഫാ.മാത്യു കരോട്ട് കൊച്ചറക്കല്‍ ഉദ്ഘാടനം ചെയ്തു.

മാങ്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിന്‍ ജോസഫ് പ്രതിഷേധ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് കുര്യന്‍, ഗ്രാമപഞ്ചാത്തംഗം അനില്‍ ആന്റണി, വ്യാപാരി സംഘടനാ പ്രതിനിധികള്‍, ക്ലബ്ബ് പ്രസിഡന്റ് ഗിരീഷ് വി, സെക്രട്ടറി രാജേന്ദ്രന്‍ പി ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രദേശവാസികളായ നിരവധി കര്‍ഷകര്‍ സമരത്തില്‍ പങ്കെടുത്തു. കാട്ടാനകള്‍ ആളുകളുടെ സ്വരൈ്യജീവിതം തകര്‍ക്കുന്നുവെന്നും പ്രശ്‌ന പരിഹാരം വേണമെന്നും സമരത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു.