
മൂന്നാര്‍: നാള്‍ക്കുനാള്‍ മൂന്നാര്‍ മേഖലയില്‍ കാട്ടാന ശല്യം വര്‍ധിച്ച് വരികയാണ്.കാട്ടാന കൂട്ടങ്ങള്‍ക്ക് പുറമെ ഒറ്റക്ക് വിഹരിക്കുന്ന കാട്ടുകൊമ്പന്‍മാരും ജനവാസ മേഖലകളില്‍ ഇറങ്ങി നാശം വരുത്തുന്നു. മൂന്നാര്‍ മാട്ടുപ്പെട്ടിയിലാണ് ഇന്ന് രാവിലെ കാട്ടാനയെത്തിയത്. ഒറ്റകൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടുകൊമ്പനായിരുന്നു ജനവാസ മേഖലയില്‍ ഇറങ്ങിയത്. കാട്ടാന ജനവാസ മേഖലയില്‍ നിലയുറപ്പിച്ചതോടെ പ്രദേശവാസികള്‍ ബഹളമുണ്ടാക്കി.
തുടര്‍ന്ന് കാട്ടുകൊമ്പന്‍ ഇവിടെ നിന്നും പിന്‍വാങ്ങി. വീണ്ടും തീറ്റ തേടി ഒറ്റകൊമ്പന്‍ ജനവാസ മേഖലയിലേക്കെത്തുമോയെന്ന ആശങ്ക ആളുകള്‍ക്കുണ്ട്. തോട്ടം മേഖലയില്‍ തോട്ടം തൊഴിലിനും മറ്റുമായി ആളുകള്‍ അതിരാവിലെ പുറത്തിറങ്ങുന്ന സാഹചര്യമുണ്ട്. ഈ സമയത്ത് ആളുകള്‍ ആനയുടെ മുമ്പില്‍പ്പെട്ടാല്‍ അത് വലിയ അപകടത്തിന് ഇടവരുത്തും. മഴ മാറി വേനല്‍ക്കാലമെത്തുന്നതോടെ തോട്ടം മേഖലയില്‍ കാട്ടാന ശല്യം വര്‍ധിക്കുമോയെന്ന ആശങ്കയും തൊഴിലാളി കുടുംബങ്ങള്‍ പങ്ക് വയ്ക്കുന്നു