റേഷന്‍ കടകളില്‍ നിന്നും കൃത്യമായ രീതിയില്‍ റേഷന്‍ സാധനങ്ങള്‍ കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്നില്ലെന്ന് പരാതി

മൂന്നാര്‍: മൂന്നാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല റേഷന്‍ കടകളില്‍ നിന്നും കൃത്യമായ രീതിയില്‍ റേഷന്‍ സാധനങ്ങള്‍ കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. റേഷന്‍ കടകളില്‍ എത്തുന്ന അരിയുള്‍പ്പെടെയുള്ള സാനങ്ങള്‍ പൂഴ്ത്തി വയ്ക്കുകയും പിന്നീട് ഉയര്‍ന്ന വിലക്ക് കാര്‍ഡുടമകളല്ലാത്തവര്‍ക്ക് മറിച്ച് വില്‍ക്കുകയും ചെയ്യുന്നുവെന്ന പരാതി മുമ്പും മൂന്നാറിലെ തോട്ടം മേഖലയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്ന് ചില നടപടികള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.
ഇതിന് ശേഷമാണിപ്പോള്‍ വീണ്ടും ചില റേഷന്‍ കടകള്‍ക്കെതിരെ സമാന ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. പള്ളിവാസലില്‍ പ്രവര്‍ത്തിക്കുന്ന എ ആര്‍ ഡി മുപ്പത്തിയൊന്നാം നമ്പര്‍ റേഷന്‍ കടയില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ മറിച്ച് വില്‍പ്പനക്കായി കടത്താന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ തടയുകയും സാധനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മുമ്പും ഈ റേഷന്‍കടയില്‍ സമാന സംഭവം നടന്നിട്ടുണ്ട്. സര്‍ക്കാര്‍ റേഷന്‍ സാധനങ്ങള്‍ കടകളില്‍ എത്തിക്കുന്നുവെങ്കിലും അരിയുള്‍പ്പെടെ വാങ്ങാന്‍ എത്തുമ്പോള്‍ സാധനങ്ങള്‍ എത്തിയിട്ടില്ലായെന്ന് കാര്‍ഡുടമകളോട് പറയുകയും പിന്നീട് സാധനങ്ങള്‍ ഉയര്‍ന്ന വിലക്ക് മറിച്ച് വില്‍ക്കുന്ന പ്രവണത ചില റേഷന്‍ കട ഉടമകള്‍ തുടര്‍ന്ന് പോരുന്നുവെന്നുമാണ് പരാതി.
തോട്ടം മേഖലകളിലെ റേഷന്‍കടകളില്‍ ഇത് സംബന്ധിച്ച് പരിശോധന നടത്തുകയും റേഷന്‍ സാധനങ്ങള്‍ കൃത്യമായി കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്നുണ്ടെന്നും സാധനങ്ങള്‍ പൂഴ്ത്തി വച്ച് മറിച്ച് വില്‍പ്പന നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണമെന്നാണ് ആവശ്യം. ഇത്തരം പ്രവണതകളില്‍ ഏര്‍പ്പെടുന്ന റേഷന്‍ കടയുടമകള്‍ ഉണ്ടെങ്കില്‍ അത്തരക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു. റേഷന്‍ കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുമ്പോള്‍ അവ ലഭിക്കാതെ വരുന്നത് തൊഴിലാളി കുടുംബങ്ങളായ സാധാരണക്കാരെ വലക്കുന്നുവെന്നും പരാതി ഉയരുന്നു.