മൂന്നാറില്‍ ഇറച്ചിക്കോഴികള്‍ക്ക് വില കൂട്ടി വില്‍പ്പന നടത്തുന്നതായി ആരോപണം

മൂന്നാര്‍: മൂന്നാറില്‍ ഇറച്ചിക്കോഴികള്‍ക്ക് വില കൂട്ടി വില്‍പ്പന നടത്തുന്നതായി ആരോപണം. ജില്ലയിലെ മറ്റ് മേഖലകളില്‍ ഉള്ളതിനേക്കാള്‍ കിലോക്ക് മുപ്പത് രൂപ വരെയാണ് അധികമായി ഈടാക്കുന്നത്. പോത്തിറച്ചിയേക്കാള്‍ കൂടുതലായി സാധാരണക്കാര്‍ ഉപയോഗിക്കുന്നത് കോഴിയിറച്ചിയാണ്. വിലക്കുറവ് തന്നെയാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ വിപണി വിലയേക്കാള്‍ തുക ഈടാക്കിയാണ് മൂന്നാറിലെ കോഴി വ്യാപാരികളുടെ കച്ചവടം.
ജില്ലയില്‍ ഒരിടത്തുമില്ലാത്ത വിലയാണ് മൂന്നാറിലെ കോഴി വ്യാപാരികള്‍ ഈടാക്കുന്നതെന്നാണ് ആരോപണം. നിലവില്‍ കട്ടപ്പനയില്‍ കോഴി വില നൂറ്റി ഇരുപത് മുതല്‍ നൂറ്റി ഇരുപത്തി രണ്ട് രൂപ വരെയാണ്. നെടുങ്കണ്ടത്ത് നൂറ്റി ഇരുപത്തിയഞ്ചും രാജാക്കാട്ടില്‍ നൂറ്റി ഇരുപതും, തൊടുപുഴയില്‍ നൂറ്റി ഇരുപത്തിയഞ്ചുമാണ് കോഴി വില. എന്നാല്‍ മൂന്നാറിലാകട്ടെ നൂറ്റി അമ്പതും അതിന് മുകളിലുമാണ്.
മുപ്പതും അതിന് മുകളിലും അമിത വില ഈടാക്കിയാണ് മൂന്നാറിലെ കോഴി കച്ചവടം. മൂന്നാറിലെ തോട്ടം തൊഴിലാളികളായ സാധാരണ ആളുകള്‍ അടക്കം ഏറ്റവും കൂടുതല്‍ വാങ്ങുന്ന കോഴിയിറച്ചിയാണ് കൊള്ളള ലാഭം ഈടാക്കി വ്യാപാരികള്‍ കച്ചവടം നടത്തുന്നത്. ജില്ലയില്‍ ഒരിടത്തുമില്ലാത്ത തരത്തില്‍ വിലയുയര്‍ത്തി വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.