അഞ്ചാമത് ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഇടുക്കി: അഞ്ചാമത് ഇടുക്കി രൂപതാ മരിയന്‍ തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രൂപത കേന്ദ്രത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ തീര്‍ത്ഥാടന സംബന്ധമായ കാര്യങ്ങള്‍ വിശദീകരിച്ചു. സെപ്റ്റംബര്‍ ആറാം തീയതി ശനിയാഴ്ചയാണ് തീര്‍ത്ഥാടനം.
രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ ദേവാലയത്തില്‍നിന്നും രാജകുമാരി ദൈവമാതാ തീര്‍ത്ഥാടന ദേവാലയത്തിലേക്ക് കാല്‍നടയായാണ് തീര്‍ത്ഥാടനം നടക്കുന്നത്. രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കും.
തീര്‍ത്ഥാടനം ഉച്ചയ്ക്ക് ഒരു മണിക്ക് രാജകുമാരി പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. രൂപതയിലെ മുഴുവന്‍ വൈദികരും സഹകാര്‍മ്മികരാകും. തീര്‍ത്ഥാടനത്തില്‍ എത്തിച്ചേരുന്ന മുഴുവന്‍ ആളുകള്‍ക്കും നേര്‍ച്ചക്കഞ്ഞിയും ക്രമീകരിച്ചിട്ടുണ്ട്.
തീര്‍ത്ഥാടനത്തിന്റെ ഭാഗമായി അടിമാലി സെന്റ് ജൂഡ് ഫൊറോനാ ദൈവാലയത്തില്‍ നിന്നും സെപ്റ്റംബര്‍ 5 വെള്ളിയാഴ്ച വൈകുംന്നേരം മൂന്ന് മണിക്ക് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വ ത്തില്‍ കാല്‍നടതീര്‍ത്ഥാനം ആരംഭിക്കും.
അടിമാലി, ആയിരമേക്കര്‍, കല്ലാര്‍കുട്ടി, വെള്ളത്തൂവല്‍, പന്നിയാര്‍കുട്ടി വഴിയാണ് തീര്‍ത്ഥാടനം രാജാക്കാട് പള്ളിയില്‍ എത്തിച്ചേരുന്നത്.
തുടര്‍ന്ന് ശനിയാഴ്ച രാവിലെ 9.30ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക്‌ശേഷം തീര്‍ത്ഥാടനം ആരംഭിക്കും. പതിനായിരത്തിലധികം ആളുകളെയാണ് തീര്‍ത്ഥാടനത്തില്‍ പ്രതീക്ഷിക്കുന്നത്. ആയിരങ്ങള്‍ ത്യാഗപൂ ര്‍വം കാല്‍നടയായി നടത്തുന്ന ഈ തീര്‍ത്ഥാടനം ഹൈറേഞ്ചിന് ആകമാനം ആത്മീയ ഉണര്‍വിന് കാരണമാകുമെന്ന് ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.
വികാരി ജനറാള്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. അബ്രഹാം പൊറയാറ്റ്, മോണ്‍. ജോസ് നരിതൂക്കില്‍, ഫാ. ജിന്‍സ് കാരക്കാട്ട് എന്നിവര്‍ സംസാരിച്ചു.