CrimeKeralaLatest News

പാലാരിവട്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം; യുവതികളെ കത്തിയുമായി പിന്തുടർന്ന് ഭീഷണിപ്പെടുത്തി

എറണാകുളം പാലാരിവട്ടത്ത് യുവതികളെ കത്തിയുമായി പിന്തുടർന്ന് ഭീഷണിപ്പെടുത്തിയ അതിഥി തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. മഹാരാഷ്ട്ര സ്വദേശി ഷെയ്ഖ് ഷായാണ് അക്രമി.

പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം വെച്ചാണ് അതിഥി തൊഴിലാളി യുവതികളെ ശല്യം ചെയ്തത്. കത്തിയുമായി പിന്നാലെ നടന്ന് ഭീഷണിപ്പെടുത്തുന്നത് കണ്ടപ്പോൾ യുവതികൾ ഭയന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഇയാൾ കത്തിയുമായി അവരുടെ പിന്നാലെ പാഞ്ഞു. ഈ രംഗങ്ങൾ കണ്ടുകൊണ്ട് അതുവഴി വന്ന ഒരു യുവാവ് യുവതികളെ സഹായിക്കാൻ ശ്രമിച്ചപ്പോൾ അക്രമി ഇയാളെ വടികൊണ്ട് തലക്കടിക്കുകയായിരുന്നു.

അക്രമം കണ്ട നാട്ടുകാർ ഉടൻ തന്നെ സംഘടിച്ച് പ്രതിയെ കീഴ്പ്പെടുത്തി. ഇയാളെ കയറുപയോഗിച്ച് കെട്ടിയിട്ട ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു.

ഇയാളുടെ അതിക്രമങ്ങൾ കണ്ട യുവതികൾ ഓടുന്നതിന്റെയും പിന്നാലെ കത്തിയുമായി ഇയാൾ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!