
ഓണാവധി ഇടുക്കിയില്‍ ആഘോഷിച്ച് നാട്. ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പതിനായിരങ്ങളാണ് ദിവസവും ഇടുക്കി കാണാനെത്തുന്നത്. കഴിഞ്ഞ ഒന്നുമുതല്‍ തിരുവോണനാള്‍ വരെ 48,416 പേരാണ് ഡിടിപിസിയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയത്. ഇതിൽനിന്ന് പ്രവേശന നിരക്ക് ഇനത്തിൽ 9,68,320 രൂപയുടെ വരുമാനമാണ് ഉണ്ടായത്. രണ്ടിനും മൂന്നിനും താരതമ്യേന ഒരേ തിരക്കായിരുന്നു. രണ്ടിന് 8398 പേരും മൂന്നിന് 8161 പേരുമാണ് എത്തിയത്. ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ വലിയ രീതിയില്‍ സഞ്ചാരികളെത്തി. ഉത്രാടനാളില്‍ 9575 പേരും തിരുവോണത്തിന് 15,295 പേരുമാണെത്തിയത്. വാഗമണ്ണിലേക്കായിരുന്നു കൂടുതൽ സഞ്ചാരികളുടെ ഒഴുക്ക്. വാഗമൺ മൊട്ടക്കുന്നുകളുടെ സൗന്ദര്യം ആവോളം ആസ്വദിച്ച സന്ദർശകർ ലോക ശ്രദ്ധനേടിയ ചില്ലുപാലമുള്ള വാഗമൺ സാഹസിക പാർക്കിലേക്കും കൂട്ടമായെത്തി.25,524 പേരാണ് ഇവിടങ്ങളിൽ മാത്രമെത്തിയത്. ഇതിൽ 13,928 പേർ വാഗൺ മൊട്ടക്കുന്നിലേക്കും 11,596 പേർ സാഹസിക പാർക്കിലുമെത്തി.
പാഞ്ചാലിമേടാണ് സഞ്ചാരികള്‍ കൂടുതലായെത്തിയ അടുത്തയിടം, 4322 പേര്. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 4314 പേരുമെത്തി. അരുവിക്കുഴിയിലും ആമപ്പാറയിലുമാണ് ഏറ്റവും കുറവ് സഞ്ചാരികളെത്തിയത്. അരുവിക്കുഴിയില്‍ 652 പേരും ആമപ്പാറയില്‍ 833 പേരും മാത്രമാണെത്തിയത്. മാട്ടുപ്പെട്ടി 1708, രാമക്കല്‍മേട് 3444, എസ്എന്‍ പുരം 2488, ഇടുക്കി ഹില്‍വ്യൂ പാര്‍ക്ക് 2560 എന്നിങ്ങനെയാണ് മറ്റ് കേന്ദ്രങ്ങളിലെ സഞ്ചാരികളുടെ കണക്ക്. ഇതിന് പുറമേ ജില്ലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും ജനത്തിരക്കുണ്ടായിരുന്നു