
ഒറ്റയാന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പാമ്പൻപാറ തെക്കേൽവീട്ടിൽ ടി.എസ്. തോമസിന്(73) ജീവിതം വഴിമുട്ടിയ നിലയിലാണ്. ആനക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന് വീട് ഉപേക്ഷിച്ച് വാടകവീട്ടിലാണ് മകൾ ദീപയോടൊപ്പം കഴിയുന്നത്. രണ്ടുതവണ കാലൊടിഞ്ഞ് ചികിത്സയിൽ കഴിയുന്ന ഭാര്യ സിസിലിയും(70) മരുന്നിനുപോലും പണമില്ലാതെ ദുരിതത്തിൽ കഴിയുകയാണ്.
2024 സെപ്റ്റംബർ 23-നാണ് തോമസിനെ ഒറ്റയാൻ ആക്രമിച്ചത്. വയറിനും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന ഭാര്യ ആനയുടെ മുൻപിൽനിന്ന് ഒരുവിധത്തിൽ രക്ഷപ്പെട്ടു. ഇതിനിടെ വീണ് പരിക്കേറ്റു. തുമ്പിക്കൈകൊണ്ട് തോമസിനെ ആക്രമിച്ച് താഴെയിട്ട് ചവിട്ടി. ഒരുവിധത്തിലാണ് രക്ഷപ്പെട്ടത്.
പരിക്ക് ഗുരുതരമായതിനാൽ തോമസിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ചികിത്സയ്ക്കാവശ്യമായ തുക വനം വകുപ്പും മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടിൽനിന്നും അനുവദിച്ചുനൽകി. ചികിത്സ കഴിഞ്ഞ് സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയാതെ വന്നു. മകൾ ദീപയോടൊപ്പം മറയൂരിൽ വാടകവീട്ടിലേക്ക് മാറി. ഗവ.ആശുപത്രിയിൽനിന്ന് ലഭിക്കുന്ന മരുന്നുകൂടാതെ മാസം 6000 രൂപയുടെ മരുന്നുകൂടി തോമസിന് വേണം