Latest NewsNational

സി.പി. രാധാകൃഷ്ണൻ vs ബി.സുദർശൻ റെഡ്ഢി; പുതിയ ഉപരാഷ്ട്രപതിയെ ഇന്ന് അറിയാം

രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയെ ഇന്ന് അറിയാം. എൻഡിഎ സ്ഥാനാർഥിയായ സി.പി രാധാകൃഷ്ണനും ഇന്ത്യാ സഖ്യത്തിന്റെ ബി സുദർശൻ റെഡ്ഢിയും തമ്മിലാണ് മത്സരം. രാവിലെ പത്ത് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറിനാണ് വോട്ടെണ്ണൽ.

ജഗ്‌ദീപ്ധൻഖറിന്റെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് വീണ്ടും ഒരു ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സമീപകാലത്തെ ഏറ്റവും വാശിയേറിയ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.രണ്ട് ദക്ഷിണേന്ത്യക്കാർ പരസ്പരം മാറ്റുരക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ തെരഞ്ഞെടുപ്പിനുണ്ട്. നിലവിലെ മഹാരാഷ്ട്ര ഗവർണർ സിപി രാധാകൃഷ്ണനാണ് എൻ ഡി എ സ്ഥാനാർഥി. ഒബസി വിഭാഗത്തിൽ നിന്നുള്ള ബിജെപി നേതാവായ അദ്ദേഹം 1998 ലും 1999 ലും കോയമ്പത്തൂരിൽ നിന്നും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ആന്ധ്രാ സ്വദേശിയായ സുപ്രീം കോടതി മുൻ ജഡ്ജി ബി സുദർശൻ റെഡ്ഡിയാണ് പ്രതിപക്ഷത്തിന്റ സംയുക്ത സ്ഥാനാർഥി. നിരവധി സുപ്രധാന വിധികളിൽ കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിച്ചതിന്റെ പേരിൽ ശ്രദ്ധേയനാണ് ജസ്റ്റിസ് റെഡ്ഢി. 239 രാജ്യസഭാ എംപിമാരും 542 ലോക്സഭാ എംപിമാരും ഉൾപ്പെടെ 781 എംപിമാരാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോറൽ കോളജിൽ ഉൾപ്പെടുന്നത്.

ബിജു ജനതാദളും ഭാരത് രാഷ്ട്ര സമിതിയും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചതിനാൽ വോട്ട് ചെയ്യുന്ന എംപിമാരുടെ എണ്ണം 770 ആയി കുറയും. ഇതോടെ 386 വോട്ടുകൾ ലഭിച്ചാൽ ഭൂരിപക്ഷം നേടാനാകും.

ജഗ്‌ദീപ്ധൻഖറിന് ലഭിച്ച ചരിത്രഭൂരിപക്ഷം ലഭിക്കാൻ ഇടയില്ലെങ്കിലും,നിലവിൽ 425 എംപിമാരുള്ള എൻ ഡി എ ക്ക് അനുകൂലമാണ് സാഹചര്യം.ഇരുസഭകളിലുമായി 324 വോട്ടുകളാണ് പ്രതിപക്ഷത്തിന് ഉള്ളത്. ഇതിനേക്കാൾ ഒരു വോട്ട് കൂടുതൽ ലഭിച്ചാൽ പോലും അത് വലിയ രാഷ്ട്രീയ വിജയമായി വ്യാഖ്യാനിക്കാൻ കഴിയും എന്നാണ് പ്രതിപക്ഷ ത്തിന്റെ കണക്കുകൂട്ടൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!