സഹതാരങ്ങൾക്ക് സഞ്ജുവിന്റെ സമ്മാനം; കേരള ക്രിക്കറ്റ് ലീഗിൽ ലഭിച്ച മുഴുവൻ തുകയും സഹതാരങ്ങൾക്കും പരിശീലകർക്കും നൽകി

സഹതാരങ്ങൾക്ക് സഞ്ജുവിന്റെ സമ്മാനം. കേരള ക്രിക്കറ്റ് ലീഗിൽ ലഭിച്ച തുക സഹതാരങ്ങൾക്കും പരിശീലകർക്കും നൽകി സഞ്ജു സാംസൺ. ലേലത്തിൽ ലഭിച്ച 26.8 ലക്ഷം രൂപയാണ് സഞ്ജു നൽകുക. കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ കിരീട നേട്ടത്തിന് പിന്നാലെയാണ് സഞ്ജുവിന്റെ പ്രഖ്യാപനം. KCL ചരിത്രത്തിലെ റെക്കോർഡ് തുകയായ 26.8 ലക്ഷത്തിനായിരുന്നു സഞ്ജുവിനെ കൊച്ചി ടീം സ്വന്തമാക്കിയത്.
നേരത്തെ ആലപ്പി റിപ്പിൾസിനെതിരേ കൊച്ചി ബ്ലൂ ടെെഗേഴ്സിനെ വിജയത്തിലേക്കെത്തിക്കാൻ സഞ്ജുവിന്റെ പ്രകടനം സഹായിച്ചു. കളിയിലെ താരമായത് സഞ്ജുവായിരുന്നു. എന്നാൽ സീനിയർ താരമായ സഞ്ജു തനിക്ക് ലഭിച്ച മാൻ ഓഫ് ദി മാച്ച് ട്രോഫി കൊച്ചി ടീമിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച ഓൾറൗണ്ടർ ജെറിൻ പിഎസിന് നൽകി.
ഇതിന്റെ ചിത്രം കെസിഎൽ മീഡിയ പുറത്തുവിട്ടിട്ടുണ്ട്. മത്സരത്തിൽ പന്തുകൊണ്ടും ബാറ്റുകൊണ്ടും ജെറിൻ തിളങ്ങിയിരുന്നു. യുവതാരത്തിന്റെ ഓൾറൗണ്ട് മികവിനുള്ള അംഗീകാരമായാണ് സഞ്ജു തന്റെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം യുവതാരത്തിന് നൽകിയത്.
Advertisement
കെസിഎല്ലിൽ നേരത്തേയും സഞ്ജു തന്റെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം കെെമാറി യുവ പ്രതിഭകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനാണ് സഞ്ജു. അതുകൊണ്ടുതന്നെ യുവതാരങ്ങളെ എങ്ങനെ പിന്തുണക്കണമെന്നും എങ്ങനെ പ്രോത്സാഹിപ്പിക്കണമെന്നും സഞ്ജുവിന് നന്നായി അറിയാം.
രാജസ്ഥാനൊപ്പം അവസാന സീസണിൽ അത്ഭുത പ്രകടനം കാഴ്ചവെച്ച 14കാരനായ വെെഭവ് സൂര്യവംശി സഞ്ജു നൽകിയ പിന്തുണ മികച്ച പ്രകടനം നടത്താൻ സഹായിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. യുവതാരങ്ങൾക്കായി തന്റെ ബാറ്റിങ് പൊസിഷനടക്കം സഞ്ജു വിട്ടുകൊടുത്തിട്ടുണ്ട്.
കെസിഎല്ലിൽ അവസാനം കളിച്ച നാല് മത്സരത്തിലും സഞ്ജു ഫിഫ്റ്റി പ്ലസ് സ്കോർ നേടി തിളങ്ങിയിരുന്നു. കെസിഎല്ലിന്റെ രണ്ടാം സീസണിൽ അഞ്ച് മത്സരത്തിൽ നിന്ന് 368 റൺസാണ് സഞ്ജു നേടിയിരിക്കുന്നത്. 186.80 സ്ട്രെെക്ക് റേറ്റിലാണ് സഞ്ജുവിന്റെ കടന്നാക്രമണം. 51 പന്തിൽ 121, 46 പന്തിൽ 89, 37 പന്തിൽ 62, 41 പന്തിൽ 83 എന്നിങ്ങനെയാണ് സഞ്ജുവിന്റെ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം.