പലതവണ ചോദിച്ചെങ്കിലും സ്വർണം നൽകിയില്ല; കോതമംഗലം ഊന്നുകല്ലിൽ ശാന്തയെ കൊലപ്പെടുത്തിയത് തലയ്ക്കടിച്ച്

കോതമംഗലം ഊന്നുകല്ലില്‍ കൊല്ലപ്പെട്ട 61-കാരിയുടെ പക്കലുള്ള സ്വർണം കൈക്കലാക്കാൻ പ്രതി രാജേഷ് (41) സ്നേഹം നടിച്ച് ഒപ്പം കൂടുകയായിരുന്നുവെന്നു മൊഴി. കൊച്ചിയിൽ നിന്നു പിടിയിലായ ശേഷം ഊന്നുകൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് രാജേഷ് ഇക്കാര്യം സമ്മതിച്ചത്. സ്വമേധയാ സ്വർണം നൽകില്ലെന്നു വ്യക്തമായതോടെ സ്നേഹം നടിച്ചു വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. ഈ മാസം 18-നു കാണാതായ പെരുമ്പാവൂർ കുറുപ്പംപടി വേങ്ങൂർ സ്വദേശിനി ശാന്തയുടെ (61) മൃതദേഹം 22-നു പൊലീസ് കണ്ടെടുക്കുകയായിരുന്നു.
ബസ് യാത്രയ്ക്കിടെയാണ് ശാന്തയെ രാജേഷ് പരിചയപ്പെടുന്നത്. ഇടുക്കി സ്വദേശിനിയായ ശാന്ത കുറേക്കാലമായി വേങ്ങൂരിലാണ് താമസം. ശാന്തയുമായുള്ള പരിചയത്തിൽ നിന്നാണ് ഇവരുടെ പക്കൽ സ്വർണമുണ്ടെന്നു രാജേഷ് മനസിലാക്കുന്നത്. പിന്നീട് ഈ ബന്ധം സ്നേഹത്തിലേക്കു വഴിമാറി. തുടർന്നു പല വട്ടം രാജേഷ് സ്വർണം ചോദിച്ചെങ്കിലും നൽകാൻ ശാന്ത വിസമ്മതിച്ചു. ഈ സ്വർണം കൈക്കലാക്കി തന്റെ കടബാധ്യതകൾ വീട്ടുകയായിരുന്നു രാജേഷിന്റെ ലക്ഷ്യം.
സ്നേഹത്തിന്റെ പേരിൽ സ്വർണം നൽകില്ലെന്നു വ്യക്തമായതോടെ ശാന്തയെ തെറ്റിദ്ധരിപ്പിച്ച് ഊന്നുകല്ലിലേക്ക് എത്തിക്കുകയായിരുന്നു. ഇവിടെ വച്ചും രാജേഷ് സ്വർണം ആവശ്യപ്പെട്ടെങ്കിലും ശാന്ത നൽകിയില്ല. തുടർന്നു കയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന്, ആൾത്താമസമില്ലാത്ത വീടിന്റെ മാലിന്യസംഭരണിയിൽ മൃതദേഹം തള്ളിക്കയറ്റി വച്ചു. ശാന്തയുടെ വസ്ത്രങ്ങൾ വീടിനു സമീപത്തെ തോട്ടിലും ബാഗ്, ഫോൺ തുടങ്ങിയവ കോതമംഗലം കുരൂർ തോട്ടിലും ഉപേക്ഷിച്ചു. ആൾത്താമസമില്ലാത്ത ഈ വീടിനോടു ചേർന്നു നേരത്തേ പ്രവർത്തിച്ചിരുന്ന ഹോട്ടലിൽ രാജേഷ് ജോലി ചെയ്തിരുന്നതിനാല്‍ സ്ഥലം നല്ല പരിചയമായിരുന്നു.
ദുര്‍ഗന്ധം പരന്നതോടെയാണ് പൊലീസ് മൃതദേഹം കണ്ടെടുക്കുന്നത്. കൊലപാതകം നടത്തിയ ശേഷവും കോതമംഗലത്തുണ്ടായിരുന്ന രാജേഷ് മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഒളിവിൽ പോയി. ശാന്ത 12 പവന്റെ ആഭരണങ്ങൾ അണിഞ്ഞിരുന്നു എന്നാണ് വിവരം. ഒളിവില്‍ പോകുന്നതിനു മുന്നേ ഈ സ്വർണത്തിൽ 9 പവന്റെ സ്വർണാഭരണങ്ങൾ രാജേഷ് അടിമാലിയിൽ ജ്വല്ലറി ജോലികൾ ചെയ്യുന്ന ഇതര സംസ്ഥാനക്കാർക്കു വിറ്റു. പകരം മൂന്നു പവന്റെ മാലയും 4 ലക്ഷം രൂപയും വാങ്ങി കാറും ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു.