മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടികൊലപ്പെടുത്തിയ സംഭവം; പ്രതി ഇപ്പോഴും കാണാമറയത്ത്

മൂന്നാര്‍: മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ഇപ്പോഴും കാണാമറയത്ത്. മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വന്നിരുന്ന കന്നിമല ഫാക്ടറി ഡിവിഷന്‍ സ്വദേശി രാജപാണ്ടിയെ കഴിഞ്ഞ 22നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഭക്ഷണം പാകം ചെയ്യാനായി സെക്യൂരിറ്റി ക്യാമ്പിലേക്ക് പോയ രാജപാണ്ടിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഏറെ സമയം കഴിഞ്ഞും ഇയാള്‍ തിരികെ എത്താതെ വന്നതോടെ മറ്റ് സെക്യൂരിറ്റി ജീവനക്കാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കെട്ടിടത്തിനുള്ളില്‍ രാജപാണ്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ രാജപാണ്ടിയെ ക്രൂമായി വെട്ടികൊലപ്പെടുത്തിയതാണെന്ന് ബോധ്യപ്പെട്ടു. തലയില്‍ ഏഴും കഴുത്തില്‍ രണ്ടും വെട്ടുകളേറ്റിട്ടുണ്ടെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ നടത്തിയ കൊലപാതകമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെയും ഇടുക്കി ജില്ലാ പൊലീസ് മേധാവി നിയോഗിച്ചു. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുമ്പോഴും കുറ്റവാളിയിലേക്കെത്തിച്ചേരാന്‍ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ തുമ്പുണ്ടാക്കാന്‍ പോലീസ് കുറ്റവാളിയെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികമുള്‍പ്പെടെ പ്രഖ്യാപിച്ചിട്ടും സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാരെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
വിവര ശേഖരണത്തിനായി പോലീസ് വിവിധയിടങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ ബോക്‌സുകളും സ്ഥാപിച്ചിരുന്നു. സുരക്ഷാ ജീവനക്കാരെ കോണ്‍ട്രാക്റ്റ് വ്യവസ്ഥയില്‍ ജോലിക്ക് നല്‍കുന്ന കമ്പനിയുടെ കീഴിലാണ് ചൊക്കനാട് എസ്റ്റേറ്റില്‍ രാജപാണ്ടി ജോലി ചെയ്ത് വന്നിരുന്നത്.