ഭൂപതിവ് നിയമ ഭേതഗതി; ഒന്നാമത്തെ ചട്ടം ഈ മാസം തന്നെ വിജ്ഞാപനം ചെയ്‌തേക്കും

അടിമാലി: ഭൂപതിവ് നിയമ ഭേതഗതി പ്രകാരം ചട്ടം ലഘിച്ചുള്ള നിര്‍മാണങ്ങള്‍ ക്രമവല്‍ക്കരിച്ച് നല്‍കുന്നതിനുള്ള ഒന്നാമത്തെ ചട്ടം ഈ മാസം തന്നെ വിജ്ഞാപനം ചെയ്‌തേക്കും. കഴിഞ്ഞ 27നാണ് ഭൂപതിവ് നിയമഭേദഗതിയുടെ ഒന്നാമത്തെ ചട്ടത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. തുടര്‍ന്ന് നിയമ സഭാ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ട ചട്ടത്തിന്റെ അന്തിമ വിജ്ഞാപനം ഇറങ്ങുന്നതോടെ മാത്രമെ നിയമ ഭേതഗതി പ്രാബല്യത്തില്‍ വരു. ഭൂപതിവ് നിയമ ഭേദഗതി 7-ാം വകുപ്പിലെ ഒഎ ചട്ട പ്രകാരം നിയമം വിജ്ഞാപനം ചെയ്ത 2024 ജൂണ്‍ 7വരെയുള്ള ചട്ടലംഘന നിര്‍മാണങ്ങളാണ് ഫീസ് ഈടാക്കി ക്രമവല്‍ക്കരിച്ച് നല്‍കുന്നത്.
തുടര്‍ന്നുള്ള ചട്ടലംഘന നിര്‍മാണങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിനും ഭൂ പതിവ് ചട്ടമുള്‍പ്പെടെ 13 ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കിയ ഭൂമി പതിവ് ആവശ്യത്തിനല്ലാതെ വിനിയോഗിക്കുന്നതിനും രണ്ടാമത്തെ ചട്ടം കൂടി പ്രാബല്യത്തില്‍ കൊണ്ട് വരണം. ഈ ചട്ടവും മന്ത്രി സഭ പരിഗണിച്ച ശേഷം സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരത്തോടെ അന്തിമമായി വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. ഭൂപതിവ് നിയമഭേദഗതി ചട്ടത്തിന്റെ ആദ്യത്തെ കരട് റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ കര്‍ഷക സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇപ്പോള്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള ചട്ടം തയാറാക്കും മുന്‍പ് റവന്യൂ, നിയമ വകുപ്പുകള്‍ തയാറാക്കിയ കരട് ചട്ടമാണ് ചില കര്‍ഷക സംഘടനകള്‍ പുറത്ത് വിട്ടത്.
റവന്യൂ വകുപ്പില്‍ നിന്ന് തന്നെ ചോര്‍ന്നു കിട്ടിയ 14 പേജുകളുള്ള ഈ കരട് ചട്ടത്തില്‍ നിന്നു ചെറിയ വ്യത്യാസങ്ങള്‍ മാത്രമാണ് മന്ത്രിസഭ അംഗീകരിച്ച ചട്ടത്തില്‍ ഉള്ളതെന്നാണ് ആക്ഷേപം. നിലവില്‍ പുറത്ത് വന്ന ചട്ടത്തില്‍ 1500 ചതുരശ്രയടി വരെയുള്ള നിര്‍മാണങ്ങള്‍ കോംപൗണ്ട് ഫീസ് ഇല്ലാതെ ക്രമവല്‍ക്കരിക്കാമെന്ന നിര്‍ദേശമുണ്ട്. എന്നാല്‍ മന്ത്രി സഭ അംഗീകരിച്ച ചട്ടത്തില്‍ 3000 ചതുരശ്രയടി വരെയുള്ള നിര്‍മാണങ്ങളാണ് ഫീസില്ലാതെ ക്രമവല്‍ക്കരിക്കാന്‍ നിര്‍ദ്ദേശമുള്ളത്.
ഈ നിര്‍ദ്ദേശവും ക്രമവല്‍ക്കണത്തിലുള്ള ഫീസുകളില്‍ വ്യതിയാനം വരുത്തിയതും മാത്രമാണ് ഇപ്പോള്‍ സബ്ജക്ട് കമ്മിറ്റി പരിഗണിക്കുന്ന ചട്ടത്തില്‍ ആദ്യത്തെ കരട് ചട്ടത്തില്‍ നിന്നുള്ള വ്യത്യാസമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കുന്നു.സൗജന്യമായി 3000 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാമെന്ന് പറയുമ്പോള്‍ തന്നെ ഇതിനുള്ള നടപടിക്രമങ്ങള്‍ സങ്കീര്‍ണമാണെന്ന് കര്‍ഷകസംഘടനകള്‍ ആരോപിക്കുന്നു.