CrimeKeralaLatest News

പൊതുജനങ്ങളോട് ഉള്ള പെരുമാറ്റത്തെക്കുറിച്ച് പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കും, തിരുത്തി മുന്നോട്ടുപോകും’;ഡിജിപി റവാഡ ചന്ദ്രശേഖര്‍

പോലീസിന് നാണക്കേടായ കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. നിലവിലെ സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും വ്യക്തമാക്കി. പൊലീസ് സേന തിരുത്തി മുന്നോട്ട് പോകുമെന്നും റവാഡ ചന്ദ്രശേഖര്‍ പ്രതികരിച്ചു.

കുന്നംകുളം, പീച്ചി കസ്റ്റഡി മര്‍ദനങ്ങളില്‍ ശക്തമായ മറുപടിയുണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഓരോ സംഭവങ്ങളും സൂക്ഷ്മമായി തന്നെ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൃത്യമായ ആശയവിനിമയം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓണാഘോഷത്തിന്റെ സമയമായതിനാലാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാന്‍ തടസം നേരിട്ടതെന്നും അടുത്ത ആഴ്ച തന്നെ യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തില്‍ ക്രമസമാധാനപാലനത്തില്‍ സംഭവിച്ച വീഴ്ചകളും അത് മറികടക്കാനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൃശ്യങ്ങള്‍ അടക്കം പുറത്തു വന്ന പൊലീസ് മര്‍ദ്ദനത്തെ സംസ്ഥാന പോലീസ് മേധാവി ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. പകരം കുന്നംകുളം,പീച്ചി സംഭവങ്ങളില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നു റവാഡ ചന്ദ്രശേഖര്‍ ഉറപ്പുനല്‍കി. നിയമവശങ്ങള്‍ കൂടി പരിശോധിച്ചു വേണം നടപടി എടുക്കാനെന്നതിനാലാണ് വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു. പരാതികള്‍ ഗൗരവമായി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. പൊതുജനങ്ങളോട് ഉള്ള പെരുമാറ്റത്തില്‍ പോലീസുകാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കുമെന്നും റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!