മുതിർന്ന കോൺഗ്രസ് നേതാവും മുൻ കൃഷിമന്ത്രിയും സ്പീക്കറുമായിരുന്ന പി.പി. തങ്കച്ചൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കൃഷിമന്ത്രിയും സ്പീക്കറുമായിരുന്ന പി.പി. തങ്കച്ചൻ (86) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു
മുൻ യു.ഡി.എഫ്. കൺവീനറും കെ.പി.സി.സി. അധ്യക്ഷനുമായിരുന്ന അദ്ദേഹം നാലു തവണ പെരുമ്പാവൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ സ്വാധീനമുണ്ടായിരുന്ന നേതാവായിരുന്നു പി.പി. തങ്കച്ചൻ
എറണാകുളം ജില്ലയിലെ അങ്കമാലിയിൽ റവ.ഫാ. പൗലോസിൻ്റെ മകനായി 1939 ജൂലൈ 29ന് ജനിച്ചു. തേവര എസ്എച്ച് കോളേജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായും ജോലി ചെയ്തു. പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.
1968-ൽ പെരുമ്പാവൂർ മുനിസിപ്പാലിറ്റിയുടെ ചെയർമാൻ ആയിട്ടാണ് പൊതുരംഗ പ്രവേശനം. 1968-ൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോർപ്പറേഷൻ ചെയർമാൻ എന്ന റെക്കോർഡും തങ്കച്ചൻ്റെ പേരിലാണ്. 1968 മുതൽ 1980 വരെ പെരുമ്പാവൂർ കോർപ്പറേഷൻ കൗൺസിൽ അംഗമായിരുന്നു. 1977 മുതൽ 1989 വരെ എറണാകുളം ഡിസിസി പ്രസിഡന്റായും 1980-1982 കാലത്ത് പെരുമ്പാവൂർ കോർപ്പറേഷൻ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്.
1982-ൽ പെരുമ്പാവൂരിൽ നിന്ന് ആദ്യമായി നിയമസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും (1987,1991,1996) പെരുമ്പാവൂരിൽ നിന്ന് തന്നെ നിയമസഭാംഗമായി. 1987-1991 കാലഘട്ടത്തിൽ കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയുടെ സെക്രട്ടറിയായിരുന്നു.
2001-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ സാജു പോളിനോട് പരാജയപ്പെട്ടു. 2006-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ എം.എം. മോനായിയോട് പരാജയപ്പെട്ടു. 1991-1995-ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ സ്പീക്കറായും 1995-1996-ലെ എ.കെ ആന്‍റണി മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രിയായും 1996-2001-ലെ നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ ചീഫ് വിപ്പായും പ്രവർത്തിച്ചു.