മട്ടുപ്പാവില്‍ കൃഷിവിപ്ലവം തീര്‍ത്ത് കൊന്നത്തടി വടയാറ്റുകുന്നേല്‍ ശശീന്ദ്രന്, സുമതി ദമ്പതികള്‍

അടിമാലി: മട്ടുപ്പാവില്‍ പലതരം കൃഷികള്‍ നമ്മള് കണ്ടിട്ടുണ്ടാവും. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി സമ്മിശ്ര കൃഷിയിലൂടെ വ്യത്യസ്ഥരാവുകയാണ് രണ്ട് പേര്. കൊന്നത്തടി പഞ്ചായത്തിലെ വടയാറ്റുകുന്നേല്‍ ശശീന്ദ്രന്, സുമതി ദമ്പതികളാണ് തങ്ങളുടെ മട്ടുപ്പാവിലെ വ്യത്യസ്ഥ കൃഷിയിലൂടെ ശ്രദ്ധേയരാകുന്നത്. ഒരു മട്ടുപ്പാവില്‍ എന്തെല്ലാം കൃഷി ചെയ്യാം എന്ന് ചോദിക്കുന്നവരോട് എന്താണ് ഇവിടെ കൃഷി പാടില്ലാത്തതെന്ന മറു ചേദ്യമാണ് ശശീന്ദ്രനും സുമതിയും ചേദിക്കുന്നത്. കാരണം ഇവരുടെ ഈ മട്ടുപ്പാവില്‍ പാഷന് ഫ്രൂട്ട് മുതല്‍ അടതാപ്പ് വരെയുണ്ട്.
നാലുതരം ഫാഷന്ഫ്രൂട്ടുകള്, റെഡ് ലേഡി ഉള്‍പ്പടെയുള്ള പപ്പായകളും, പയര്‍, പാവല്‍, കുമ്പളം തുടങ്ങിയ വിവിധയിനം പച്ചക്കറികളും ഈ മട്ടുപ്പാവില്‍ സമൃദ്ധമായി വിളഞ്ഞ് നില്‍ക്കുന്നുണ്ട്. കഴിഞ്ഞ പത്തുവര്‍ഷമായി ഇവര്‍ മട്ടുപ്പാവിലെ വ്യത്യസ്ഥ കൃഷി രീതിയുമായി മുമ്പോട്ടു പോകുന്നു. വീട്ടാവശ്യത്തിനുള്ള മുഴുവന്‍ പച്ചക്കറികളും ഇവിടെ നിന്നുമാണ് വിളയിക്കുന്നത്. തികച്ചും ജൈവ രീതിയിലാണ് കൃഷി പരിപാലനം. ഉപയോഗ ശൂന്യമായ ബക്കറ്റും. ചാക്കില്‍ മണ്ണു നിറച്ചുമൊക്കെയാണ് കൃഷി ചെയ്തിരിക്കുന്നത്. സ്ഥല പരിമിതിയുടെ പേരില്‍ കൃഷിയെ മാറ്റി നിര്‍ത്തുന്നവര്‍ക്കുള്ള ഒരു മാതൃക കൂടിയാണ് ഈ ദമ്പതിമാരുടെ മട്ടുപ്പാവ് കൃഷി.