പള്ളിവാസല്‍ പഞ്ചായത്തിലെ സ്റ്റേഡിയ നിര്‍മ്മാണം; ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ്

അടിമാലി: പള്ളിവാസല്‍ പഞ്ചായത്തില്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള സ്റ്റേഡിയം അതിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിച്ച് ഒക്ടോബര്‍ മാസത്തോടു കൂടി ഉദ്ഘാടനത്തിന് സജ്ജമാകുമെന്ന് പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാര്‍ പറഞ്ഞു. ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി എംഎല്‍എയുടെയും കായികവകുപ്പിന്റെയും ഒരു കോടി രൂപ ചെലവിട്ടാണ് പള്ളിവാസല്‍ പഞ്ചായത്തിലും സ്റ്റേഡിയം നിര്‍മിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ജനുവരിയില്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണമാരംഭിച്ചു. പഴയ മൈതാനത്തെ മണ്ണ് യന്ത്രമുപയോഗിച്ച് ലെവല്‍ ചെയ്തു. പിന്നീട് പണികള്‍ നിലച്ചതോടെയായിരുന്നു സ്‌റ്റേഡിയ നിര്‍മ്മാണത്തില്‍ ആക്ഷേപവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഈ വിഷയത്തിലാണിപ്പോള്‍ പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം ഉണ്ടായിട്ടുള്ളത്. പോയ മാസങ്ങളില്‍ പെയ്ത ശക്തമായ മഴ മൂലമാണ് പണികള്‍ താല്‍ക്കാലകമായി നിര്‍ത്തിയതെന്നും നിലവില്‍ സ്‌റ്റേഡിയത്തിന്റെ തുടര്‍ജോലികള്‍ നടക്കുന്നതായും പഞ്ചായത്തധികൃതര്‍ വ്യക്തമാക്കി.
ഭരണത്തിലെത്തിയതു മുതല്‍ പഞ്ചായത്ത് പരിധിയില്‍ ആകെ വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എല്‍ ഡി എഫ് ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ടെന്നും തദ്ദേശ തിരഞ്ഞെടുപ്പടുത്തതോടെ യുഡിഎഫിലെ സ്ഥാനാര്‍ത്ഥി മോഹികളായ ചിലര്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ മാത്രമാണ് ഇപ്പോഴത്തേതെന്നും പഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാര്‍ വ്യക്തമാക്കി.
കഴിഞ്ഞ ജനുവരിയിലാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചതെന്നും ഒരു വര്‍ഷക്കാലമാണ് നിര്‍മ്മാണ കാലവധിയെന്നും പള്ളിവാസല്‍ പഞ്ചായത്തധികൃതര്‍ വ്യക്തമാക്കി.
മഴയെത്തിയില്ലായിരുന്നുവെങ്കില്‍ സെപ്തംബറില്‍ തന്നെ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കാനാകുമായിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.