
അടിമാലി: അടിമാലിയില്‍ മന്ത്രി റോഷി അഗസ്റ്റിന് നേരെ കരിങ്കൊടി പ്രതിഷേധം. ഭൂവിഷയത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ജില്ലയിലെ ജനങ്ങളോട് വഞ്ചനാപരമായ സമീപനം സ്വീകരിക്കുവെന്നും ശബരിമലയിലെ സ്വര്‍ണ്ണകടത്ത് കേസില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് അതിക്രമം നടത്തുന്നുവെന്നാരോപിച്ചുമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിമാലിയില്‍ മന്ത്രി റോഷി അഗസ്റ്റിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ദേശിയപാത 185ല്‍ അടിമാലി ഇരുന്നൂറേക്കറിന് സമീപം വച്ചായിരുന്നു മന്ത്രിയുടെ വാഹനം കടന്നു പോകവെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി എത്തി പ്രതിഷേധിച്ചത്.
കരിങ്കൊടിയുമായി മന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ഇടപെട്ട് നീക്കി. മാങ്കുളത്തും അടിമാലിയിലും ഇന്ന് മന്ത്രിക്ക് പൊതുപരിപാടികള്‍ ഉണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷിന്‍സ് ഏലിയാസ്, അനില്‍ കനകന്‍, അലന്‍ നിധിന്‍ സ്റ്റീഫന്‍, അമല്‍ ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം നടന്നത്.