
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു.പുതിയ സംസ്ഥാന കൗൺസിൽ ആണ് ബിനോയിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സെക്രട്ടറി സ്ഥാനത്തേക്ക് ബിനോയ് വിശ്വത്തിന്റെ പേര് നിർദ്ദേശിച്ചത് ഡി രാജയാണ്. ഇതാദ്യമായാണ് സംസ്ഥാന സമ്മേളനത്തിലൂടെ ബിനോയ് വിശ്വം സെക്രട്ടറി ആകുന്നത്. ഏകകണ്ഠമായി ബിനോയ് വിശ്വത്തിൻ്റെ പേര് അംഗീകരിക്കുകയായിരുന്നു.
പാർട്ടിയെ ഒറ്റകെട്ടായി മുന്നോട്ട് കൊണ്ടുപോകണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. മുൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിന് ശേഷമാണ് ബിനോയ് വിശ്വത്തെ ഈ സ്ഥാനത്തേക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ അത് സമ്മേളനത്തിലൂടെ ആയിരുന്നില്ല തിരഞ്ഞെടുത്തത്.
പാർട്ടി ഏൽപ്പിച്ച ദൗത്യം പൂർണ മനസ്സോടെ ഏറ്റെടുക്കുന്നുവെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. വരും കാല പോരാട്ടങ്ങളിൽ വീറോടെ പൊരുതും. ആലപ്പുഴ സമ്മേളനം നൽകിയത് അതിനുള്ള ശക്തിയാണെന്നും അച്ചടക്കവും ലക്ഷ്യബോധവുമുള്ള കമ്യുണിസ്റ്റായി ചുമതല തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇത് തീക്ഷണ സമരങ്ങളുടെ കാലമാണ്, വിമർശനങ്ങൾ ഉള്ളപ്പോഴും പാർട്ടി ഒറ്റക്കെട്ടാണ്. അച്ചടക്കമുള്ള പ്രവർത്തകനെ പോലെ ചുമതല ശിരസ്സാ ഏറ്റെടുക്കുന്നു. മതനിരപേക്ഷതയെ രക്ഷിക്കേണ്ട കാലത്ത് ജനങ്ങളെ അണിചേർത്ത് പോരാടുമെന്നും എൽഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗവും എഐടിയുസി വർക്കിങ് പ്രസിഡന്റുമാണ് അദ്ദേഹം. സിപിഐ മുഖപത്രമായ ന്യൂ ഏജിന്റെ പത്രാധിപരുമാണ്. പാര്‍ട്ടി കോണ്‍ഗ്രസ്സ് പ്രതിനിധികളായി 100 അംഗങ്ങളേയും പകരം പ്രതിനിധികളായി 10 അംഗങ്ങളേയും തിരഞ്ഞെടുത്തു. കണ്ട്രോള് കമ്മീഷനില്‍ 9 അംഗങ്ങളും സംസ്ഥാന കൗണ്‍സിലില്‍ 103 അംഗങ്ങളേയും തിരഞ്ഞെടുത്തു. കാന്റിഡേറ്റ് അംഗങ്ങളായി 10 അംഗങ്ങളേയും തിരഞ്ഞെടുത്തു.
2023 ഡിസംബര്‍ 10 മുതല്‍ സിപിഐയുടെ കേരള സംസ്ഥാന സെക്രട്ടറിയായി തുടരുന്ന കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന സിപിഐ നേതാവാണ് ബിനോയ് വിശ്വം. 2006-2011 കാലയളവിലെ വി.എസ്. അച്യുതാനന്ദന് മന്ത്രിസഭയില്‍ വനം വകുപ്പ് മന്ത്രിയായിരുന്നു. 2001, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോഴിക്കോട് ജില്ലയിലെ നാദാപുരത്തുനിന്നും നിന്നും രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചു വിജയിച്ചു. വിദ്യാഭ്യാസം യോഗ്യതകള്‍ എം.എ, എല്‍,എല്‍,ബി. എന്നിവയാണ്. 2018 ജൂണില്‍ അദ്ദേഹം രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.