
അടിമാലി: ഇത്തവണത്തെ ഇടുക്കി സഹോദയാ കലോത്സവം 13, 19,20 തിയതികളില്‍ അടിമാലിയില്‍ നടക്കും. അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ ആരവ് 2025 എന്ന പേരിലാണ് ഇത്തവണത്തെ സഹോദയ കലോത്സവം നടക്കുന്നത്. ഇടുക്കി സഹോദയക്ക് കീഴില്‍ വരുന്ന മുപ്പത്തിലധികം സ്‌കൂളുകള്‍ കലോത്സവത്തില്‍ പങ്കെടുക്കും. പതിനാലാമത് ഇടുക്കി സഹോദയ കലോത്സവമാണ് ഇത്തവണ നടക്കുന്നത്.
13, 19,20 തിയതികളിലായിട്ടാണ് കലോത്സവം ക്രമീകരിച്ചിട്ടുള്ളത്. 19ന് രാവിലെ 8.30 ന് മത്സരങ്ങള്‍ ആരംഭിക്കും. വൈകുന്നേരം നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഇടുക്കി സഹോദയ പ്രസിഡന്റ് ഫാദര്‍ സിജന്‍ പോള്‍ ഊന്നുകല്ലേല്‍ അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ല കളക്ടര്‍ ദിനേശന്‍ ചെറുവത്ത് മുഖ്യാതിഥിയാകും. എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. സിനിമാതാരം സുമേഷ് ചന്ദ്രന്‍ ചടങ്ങില്‍ പങ്കെടുക്കും. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇരുപതിന് നടക്കുന്ന സമാപന ചടങ്ങില്‍ ഇടുക്കി എസ് പി സാബു മാത്യു കെ എം സമ്മാനദാനം നിര്‍വഹിക്കും. ജില്ലയിലെ 31 സി ബി എസ് ഇ സ്‌കൂളുകളില്‍ നിന്നായി 2500ലധികം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും, വിവിധ രചന മത്സരങ്ങള്‍, ചിത്രരചന, പവര്‍ പോയിന്റ് പ്രസന്റേഷന്‍, ബാന്‍ഡ്, പോസ്റ്റര്‍ ഡിസൈനിംങ്ങ് മത്സരങ്ങള്‍ എന്നിവ നാളെ വിശ്വദീപ്തി സ്‌കൂളില്‍ നടക്കും. 16 വേദികളിലായി 96 ഇനങ്ങളുടെ മത്സരങ്ങളാണ് നാളെ നടക്കുന്നത്.
19,20 തീയതികളില്‍ 22 വേദികളിലായി 140ഓളം മത്സരയിനങ്ങള്‍ അരങ്ങേറുമെന്നും ഇടുക്കി സഹോദയ പ്രസിഡന്റ് ഫാദര്‍ സിജന്‍ പോള്‍ ഊന്നുകല്ലേല്‍, വൈസ് പ്രസിഡന്റ് ഡോക്ടര്‍ ഫാദര്‍ രാജേഷ് ജോര്‍ജ്, ബിനു ജോസഫ്, റാണി പി വി എന്നിവര്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.