പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ പരിശ്രമത്തില്‍ സ്മാര്‍ട്ട് ക്ലാസ് റൂം റെഡി

മൂന്നാര്‍: പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ പരിശ്രമത്തില്‍ മൂന്നാര്‍ നല്ലതണ്ണി ലിറ്റില്‍ ഫ്ളവര്‍ ഗോള്‍സ് ഹൈസ്‌ക്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം റെഡി. സ്‌കൂളിലെ 1992 ബാച്ചിന്റെ നേതൃത്വത്തിലാണ് സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ പണികള്‍ പൂര്‍ത്തീകരിച്ചത്. ലിറ്റില്‍ ഫ്ളവര്‍ ഗോള്‍സ് ഹൈസ്‌ക്കൂളിലെ ഏഴാമത്തെ ബാച്ച് കൂടിയാണ് 92 ബാച്ച്. പഠനകാലത്തെ സൗഹൃദം നിലനിര്‍ത്തുന്നതിനായി ഈ ബാച്ചിലെ സഹപാഠികള്‍ ചേര്‍ന്ന് വാട്ട്സ് ആപ്പ് കൂട്ടായ്മക്ക് രൂപം നല്‍കിയിട്ടുണ്ട്.
ഈ വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ജൂണ്‍ 29ന് സ്‌കൂളില്‍ ഏഴാമത്തെ ബാച്ചിന്റെ ഒത്ത് ചേരല്‍ നടത്തിയിരുന്നു.ഈ ഒത്തു ചേരലിന് ശേഷം കൈകൊണ്ട തീരുമാനപ്രകാരം തങ്ങളുടെ പൂര്‍വ്വ വിദ്യാലയത്തിലെ ഒരു ക്ലാസ് മുറി സ്മാര്‍ട്ട് ക്ലാസ് റൂമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്ക് ചേരുകയായിരുന്നു. നൂറ്റിഇരുപത്തഞ്ചോളം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ പരിശ്രമമാണ് സ്‌കൂളില്‍ പുതിയ സ്മാര്‍ട്ട് ക്ലാസ് റൂം യാഥാര്‍ത്ഥ്യമാക്കിയത്. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച ഒരു ലക്ഷത്തോളം രൂപ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു.
ക്ലാസ് മുറിയാകെ ടൈല്‍വിരിച്ച് മനോഹരമാക്കി. പെയിന്റിംഗ് ജോലികളും നിര്‍വ്വഹിച്ചു. നിര്‍മ്മാണം നടത്തിയ ക്ലാസ് മുറിയുടെ ഉദ്ഘാടനവും നടത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഹേമയുടെ മേല്‍നോട്ടത്തിലായിരുന്നു പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ മനോഹരമായ ഒരു സ്മാര്‍ട്ട് ക്ലാസ് മുറി സ്‌കൂളില്‍ ഒരുങ്ങിയത്.