KeralaLatest NewsLocal news

മൂന്നാറിലെ പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എക്‌സിക്കൂട്ടീവ് എഞ്ചിനീയറുടെ  ഓഫീസിന് മുമ്പില്‍ സമരവുമായി എ ഐ വൈ എഫ്

മൂന്നാര്‍: മൂന്നാറിലെ പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എക്‌സിക്കൂട്ടീവ് എഞ്ചിനീയറുടെ  ഓഫീസിന്റെ ഗെയിറ്റ്  പൂട്ടി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് എ ഐ വൈ എഫ് പ്രവര്‍ത്തകരുടെ  പ്രതിഷേധം. അറ്റകുറ്റപണി നടത്തി തുറന്ന് നല്‍കിയ  മൂന്നാര്‍ ടൗണില്‍ ആര്‍ ഒ ജംഗ്ഷനിലെ പാലത്തില്‍ വീണ്ടും കുഴികള്‍ രൂപപ്പെട്ട് ഗതാഗതം ദുസഹമായ സാഹചര്യത്തിലും നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നാര്‍ സൈലന്റ് വാലി റോഡ് തകര്‍ന്നതിലും പ്രതിഷേധിച്ചായിരുന്നു എ ഐ വൈ എഫിന്റെ പ്രതിഷേധം.

ഒരു വര്‍ഷമായി രൂപം കൊണ്ട കുഴികളില്‍ ചാടി അപകടങ്ങള്‍ നടക്കുകയും പ്രതിഷേധം ഉയരുകയും ചെയ്തതിന് പിന്നാലെയാണ് പി ഡബ്ല്യൂ ഡി അധികൃതരെത്തി റോഡ് ഗതാഗതം നിരോധിച്ച ശേഷം  കഴിഞ്ഞ മാസം 19ന് ആര്‍ ഒ ജംഗ്ഷനിലെ പാലത്തില്‍ കുഴികള്‍ അടച്ചത്. പിന്നീട് പാലം ഗതാഗതത്തിനായി തുറന്ന് നല്‍കിയെങ്കിലും മഴ പെയ്തതോടെ കുഴികള്‍ വീണ്ടും പഴയപടിയായി. അശാസ്ത്രീയമായി അറ്റകുറ്റ പണികള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടെന്നാരോപിച്ചായിരുന്നു എ ഐ വൈ എഫ് വിഷയത്തില്‍ സമരവുമായി രംഗത്തെത്തിയത്.

കൂടാതെ മൂന്നാര്‍ സൈലന്റ് വാലി റോഡില്‍ ടാറിംങ് ജോലികള്‍ പൂര്‍ത്തിയാക്കി ഒരു വര്‍ഷം പിന്നിട്ടതോടെ തകര്‍ന്ന സാഹചര്യത്തിലുള്ള പ്രതിഷേധം കൂടി രേഖപ്പെടുത്തിയായിരുന്നു മൂന്നാറിലെ പി ഡബ്ല്യൂ ഡി ഓഫീസിലെത്തിയ എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ ഗെയിറ്റ് പൂട്ടി ഉദ്യോഗസ്ഥരെ പുറത്തിറക്കാതെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. മൂന്നാര്‍ ടൗണില്‍ ആര്‍ ഒ ജംഗ്ഷനില്‍ പാലത്തിലെ കുഴികള്‍ പലപ്പോഴും ഗതാഗതക്കുരുക്കിന് ഇടയാക്കുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്.

രണ്ടാമതും കുഴി രൂപപ്പെട്ട സാഹചര്യത്തില്‍ അടിയന്തിരമായി അറ്റകുറ്റി പണികള്‍ നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടും അധികൃതര്‍ ആവശ്യം മുഖവിലക്കെടുക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് എ ഐ വൈ എഫ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!