പഴയ മൂന്നാര്‍ ടൗണില്‍ റോഡില്‍ രൂപം കൊണ്ടിട്ടുള്ള കുഴികളും വെള്ളക്കെട്ടും തലവേദനയാകുന്നു

മൂന്നാര്‍: പഴയ മൂന്നാര്‍ ടൗണില്‍ റോഡില്‍ രൂപം കൊണ്ടിട്ടുള്ള കുഴികളും വെള്ളക്കെട്ടും വാഹനയാത്രികര്‍ക്കും കാല്‍നടയാത്രികര്‍ക്കും തലവേദനയാകുന്നു. ദേശിയപാത85 ല്‍ നിന്നും മൂന്നാര്‍ ലക്ഷ്മി റോഡ് ആരംഭിക്കുന്ന ഭാഗത്താണ് വെള്ളക്കെട്ടുള്ളത്. നാളുകളേറെയായെങ്കിലും പ്രശ്‌നപരിഹാരമില്ലെന്നാണ് പരാതി. മൂന്നാര്‍ ടൗണില്‍ ഏറ്റവും അധികം തിരക്കുള്ള ഭാഗങ്ങളിലൊന്നാണ് കെ എസ് ആര്‍ ടി സി ഡിപ്പോക്ക് സമീപം ദേശിയപാതയില്‍ ലക്ഷ്മി റോഡ് സംഗമിക്കുന്നയിടം.
നിരവധിയായ വ്യാപാരശാലകളും റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഹോട്ടലുകളുമൊക്കെയുള്ള ഭാഗം കൂടിയാണിവിടം. വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ ഉള്‍പ്പെടെ ദിവസവും നിരവധി വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നു. ഈ ഭാഗത്താണ് റോഡില്‍ വലിയ കുഴികള്‍ രൂപം കൊണ്ട് വെള്ളം കെട്ടി കിടക്കുന്ന സ്ഥിതിയുള്ളത്.
വാഹനങ്ങള്‍ പോകുമ്പോള്‍ കെട്ടികിടക്കുന്ന വെള്ളം യാത്രക്കാരുടെ മേല്‍ തെറിക്കുന്നത് പതിവാണ്.
ഇത് വാക്ക് തര്‍ക്കത്തിന് ഇടവരുത്താറുണ്ട്. തിരക്കേറുന്നതോടെ ഇവിടെ ഗതാഗതക്കുരുക്കും രൂപം കൊള്ളും. റോഡിലെ കുഴികളടച്ച് അടിയന്തിര പ്രശ്‌നപരിഹാരം വേണമെന്നാണ് ആവശ്യം.