
മാങ്കുളം: മാങ്കുളം ടൗണിന് സമീപം ജനവാസ മേഖലയിൽ കരടി ഇറങ്ങിയതായി പ്രദേശവാസികൾ പറഞ്ഞു. മാങ്കുളം പട്ടക്കട സിറ്റിക്ക് സമീപം മേനാതുണ്ടത്തിൽ അനീഷിൻ്റെ വീടിന് തൊട്ടരികിലാണ് കരടിയെത്തിയത്. ശനിയാഴ്ച്ച വൈകിട്ട് നാലേമുക്കാലോടെയായിരുന്നു കരടിയുടെ സാന്നിധ്യം കൃഷിയിടത്തിൽ ഉണ്ടായത്. അനീഷിൻ്റെ ഭാര്യയും കുഞ്ഞുങ്ങളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അനീഷിൻ്റെ ഭാര്യ കരടിയുടെ ചിത്രം മൊബൈൽഫോണിൽ പകർത്തി.

ബഹളം കേട്ടതോടെ കരടി സമീപത്തുണ്ടായിരുന്ന പാറയിലൂടെ കയറി ഓടി മറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാത്രികാലത്ത് വളർത്തു നായ്ക്കൾ കുരച്ച് ബഹളമുണ്ടാക്കിയിരുന്നതായി അനീഷ് പറഞ്ഞു. മാങ്കുളം പഞ്ചായത്തിൻ്റെ വിവിധ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായി തുടരുന്നുണ്ട്. ഇതിനിടയിലാണ് ജനവാസ മേഖലയിൽ കരടിയുടെ സാന്നിധ്യവും ആളുകളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്.