
പത്തുലക്ഷം രൂപയുടെ ഹെറോയിനുമായി സ്ത്രീ പെരുമ്പാവൂരിൽ പിടിയിൽ. ഭായ് കോളനിയിൽ വ്യാപാര സ്ഥാപനം നടത്തുന്ന കാരോത്തുകുടി, സെലീനയാണ് പിടിയിലായത്. ഇവരുടെ സ്ഥാപനത്തിനുള്ളിൽ നിന്ന് 66.4 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും, പെരുമ്പാവൂർ എക്സൈസും ചേർന്നു നടത്തിയ പരിശോധനയിലാണ് ഭായ് കോളനിയിൽ വ്യാപാര സ്ഥാപനം നടത്തുന്ന കാരോത്തുകുടി, സെലീന മയക്കുമരുന്നുമായി പിടിയിലായത്. ഇവരുടെ സ്ഥാപനത്തിനുള്ളിൽ നിന്ന് 66.4 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. ലഹരി വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 9 ലക്ഷം രൂപയും, നോട്ട് എണ്ണുന്ന മെഷീനും ഇവരുടെ വ്യാപാര സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്തു.
8 ബോക്സുകളിലായാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്.നാളുകളായി ഇവിടെ വ്യാപാരസ്ഥാപനം നടത്തിവരുന്ന സെലീന ഭായ് കോളനിയിൽ നടക്കുന്ന ചെറിയ സംഭവങ്ങൾ വരെ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും അറിയിച്ച് എല്ലാവരുടെയും വിശ്വാസ്യത പിടിച്ചുപറ്റിയിരുന്നു. ഇത് മുതലെടുത്തായിരുന്നു ലഹരിക്കച്ചവടമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭായി കോളനിയിൽ നിന്ന് ഇതിനുമുൻപും വലിയതോതിൽ ലഹരി വസ്തുക്കൾ പിടികൂടിയിട്ടുണ്ടെന്നും ഇപ്പോൾ പിടിയിലായ സെലീനയെ കേന്ദ്രീകരിച്ച് വലിയൊരു ലഹരി മാഫിയ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. പ്രദേശത്ത് ലഹരിക്കച്ചവടം വര്‍ധിച്ചതിനാല്‍ സ്വൈര്യമായി താമസിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറഞ്ഞു