ഇടുക്കി സഹോദയാ കലോത്സവത്തിന്റെ ഭാഗമായുള്ള രചനാമത്സരങ്ങള്‍ അടിമാലിയില്‍ നടന്നു

അടിമാലി: ഇടുക്കി സഹോദയാ കലോത്സവത്തിന്റെ ഭാഗമായുള്ള രചനാമത്സരങ്ങള്‍ അടിമാലിയില്‍ നടന്നു. പതിനാലാമത് ഇടുക്കി സഹോദയ കലോത്സവമാണ് ഇത്തവണ അടിമാലി വിശ്വദീപ്തി സ്കൂളില്‍ നടക്കുന്നത്. ചിത്ര രചന, പവര്‍ പോയിന്റ് പ്രസന്റേഷന്, പോസ്റ്റര്‍ ഡിസൈനിംങ്ങ് മത്സരങ്ങള്‍ എന്നിവ കൂടാതെ ബാന്‍ഡ് മത്സരങ്ങളും ഇന്ന് നടന്നു.കലോത്സവത്തില്‍ 19,20 തിയതികളിലായിട്ടാണ് സ്റ്റേജ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.
19ന് രാവിലെ 8.30 ന് മത്സരങ്ങള്‍ ആരംഭിക്കും. വൈകുന്നേരം നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഇടുക്കി സഹോദയ പ്രസിഡന്റ് ഫാദര്‍ സിജന് പോള്‍ ഊന്നുകല്ലേല്‍ അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ല കളക്ടര്‍ ദിനേശന് ചെറുവത്ത് മുഖ്യാതിഥിയാകും. എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. സിനിമാതാരം സുമേഷ് ചന്ദ്രന് ചടങ്ങില്‍ പങ്കെടുക്കും. ഇരുപതിന് നടക്കുന്ന സമാപന ചടങ്ങില്‍ ഇടുക്കി എസ് പി സാബു മാത്യു കെ എം സമ്മാനദാനം നിര്‍വഹിക്കും.
ജില്ലയിലെ 31 സി ബി എസ് ഇ സ്കൂളുകളില്‍ നിന്നായി 2500ലധികം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും. 19,20 തീയതികളില്‍ 22 വേദികളിലായി 140ഓളം മത്സരയിനങ്ങള്‍ അരങ്ങേറും. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സംഘാടകര്‍ അറിയിച്ചു.