‘ബോൺ ഗ്ലൂ’ വിപ്ലവകരമായ മാറ്റത്തിന്; ഇനി പൊട്ടലുകൾ നിമിഷങ്ങൾക്കുള്ളിൽ ഭേദമാക്കാം

പരമ്പരാഗത ചികിത്സാ രീതികളിൽനിന്ന് വ്യത്യസ്തമായി എല്ലുകളുടെ പൊട്ടൽ നിമിഷങ്ങൾക്കുള്ളിൽ ഭേദമാക്കാൻ കഴിയുന്ന ഒരു വിപ്ലവകരമായ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ചൈനീസ് ഗവേഷകർ. ‘ബോൺ-02’ എന്ന് പേരിട്ടിരിക്കുന്ന ഈ മെഡിക്കൽ ബോൺ ഗ്ലൂ പൊട്ടലുകൾ അതിവേഗം ഒട്ടിച്ചു ചേർക്കാനുള്ള ശേഷി നൽകുന്നു. സാധാരണഗതിയിൽ എല്ലുകളുടെ പരിക്ക് ഭേദമാകാൻ ആഴ്ചകളോ മാസങ്ങളോ വേണ്ടിവരും. എന്നാൽ ഈ പുതിയ സാങ്കേതികവിദ്യ രോഗികളുടെ ചികിത്സാ കാലയളവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
ഈ മെഡിക്കൽ ഗ്ലൂവിൻ്റെ ഏറ്റവും വലിയ പ്രത്യേകത ഇത് രക്തം വാർന്നുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ പോലും വെറും മൂന്ന് മിനിറ്റിനുള്ളിൽ എല്ലുകളെ ബലമായി ഒട്ടിച്ചു നിർത്തും എന്നതാണ്. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഒരു ഗവേഷക സംഘമാണ് ഇതിന് പിന്നിൽ. ഈ പശ ഉപയോഗിച്ച് ഒട്ടിച്ച എല്ലുകൾക്ക് ബലം നൽകാൻ സ്റ്റീൽ പ്ലേറ്റുകളോ സ്ക്രൂകളോ ആവശ്യമില്ല. അതുപോലെ, ഇത് അണുബാധകൾക്കും ശരീരത്തിൻ്റെ പ്രതിപ്രവർത്തനങ്ങൾക്കും ഉള്ള സാധ്യതകൾ കുറയ്ക്കുന്നു.
‘ബോൺ-02’ വികസിപ്പിക്കാൻ ഗവേഷകർക്ക് സാധിച്ചത് ഈ മേഖലയിലെ മുൻ ഗവേഷണങ്ങളുടെ പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ടാണ്. 1940-കളിൽ വികസിപ്പിച്ച ആദ്യകാല ബോൺ ഗ്ലൂകൾ ജെലാറ്റിൻ, എപ്പോക്‌സി റെസിനുകൾ, അക്രിലേറ്റുകൾ തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു. എന്നാൽ അവയൊന്നും ഫലപ്രദമല്ലാത്തതിനാൽ ഉപേക്ഷിക്കപ്പെട്ടു. പുതിയ സാങ്കേതികവിദ്യ പഴയതിലുള്ള എല്ലാ പോരായ്മകളെയും പരിഹരിക്കുന്നു. ഇത് ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിൽ 150-ലധികം രോഗികളിൽ ബോൺ ഗ്ലൂവിൻ്റെ സുരക്ഷയും ഫലപ്രാപ്തിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ പശയുടെ മറ്റൊരു സവിശേഷത എല്ലുകൾ പൂർണ്ണമായി ഭേദമാകുമ്പോൾ ഇത് സ്വാഭാവികമായി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും എന്നതാണ്. ഇത് കാരണം ഇംപ്ലാന്റുകൾ നീക്കം ചെയ്യാൻ മറ്റൊരു ശസ്ത്രക്രിയ ആവശ്യമില്ല. പരമ്പരാഗത ചികിത്സാരീതികളിൽ സ്റ്റീൽ പ്ലേറ്റുകളും സ്ക്രൂകളും ഘടിപ്പിക്കുന്നത് വലിയ മുറിവുകൾക്ക് കാരണമാകാറുണ്ട്. എന്നാൽ ഈ പുതിയ ഗ്ലൂവിന് അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഇല്ല. ഇത് രോഗിയുടെ വേദന കുറയ്ക്കുന്നതിനും വേഗത്തിൽ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നതിനും സഹായിക്കും.
നിലവിൽ എല്ലുകളുടെ പൊട്ടലുകൾക്ക് ചികിത്സയായി വിപണിയിൽ ബോൺ സിമൻ്റുകളും ബോൺ വോയിഡ് ഫില്ലറുകളും ലഭ്യമാണ്. പക്ഷേ അവയൊന്നും എല്ലുകളെ ശക്തമായി ഒട്ടിച്ചു നിർത്താൻ കഴിവുള്ളവയല്ല. ഈയൊരു കുറവ് പരിഹരിക്കാൻ ‘ബോൺ-02’ സഹായിക്കുമെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്. പരമ്പരാഗത ലോഹ ഇംപ്ലാന്റുകൾക്ക് ഒരു മികച്ച ബദലാവാൻ ഈ ഉൽപ്പന്നത്തിന് കഴിയുമെന്നും, ഇത് വൈദ്യശാസ്ത്രത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുമെന്നും പ്രതീക്ഷിക്കുന്നു.