റ്റീ കമ്പനിക്ക് സമീപമുള്ള പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ പുനര്‍നിര്‍മ്മിക്കണം

അടിമാലി: ബൈസണ്‍വാലി റ്റീ കമ്പനിക്ക് സമീപമുള്ള പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യം. നാളുകള്‍ക്ക് മുമ്പുണ്ടായ വാഹനാപകടത്തിലായിരുന്നു ബൈസണ്‍വാലി റ്റീ കമ്പനി മൃഗാശുപത്രിക്ക് സമീപമുള്ള പാലത്തിന്റെ കൈവരികള്‍ തകര്‍ന്നത്. നാളുകള്‍ ഏറെ പിന്നിട്ടിട്ടും തകര്‍ന്ന കൈവരികള്‍ പുനര്‍നിര്‍മ്മിക്കാന്‍ നടപടി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് കൈവരികള്‍ പുനര്‍നിര്‍മ്മിച്ച് സുരക്ഷയൊരുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.
ഇടക്കിടെ വാഹനാപകടങ്ങള്‍ ഉണ്ടാകുന്ന പ്രദേശം കൂടിയാണിവിടം. തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടതാണ് ഒടുവിലത്തെ സംഭവം. റോഡ് നവീകരണം കഴിഞ്ഞതോടെ വാഹനങ്ങള്‍ പലപ്പോഴും വലിയ വേഗതയിലാണ് ഇതുവഴി കടന്നു പോകുന്നത്. അപകട സാധ്യത കുറക്കാന്‍ പ്രദേശത്ത് കൂടുതല്‍ അപകട മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒരുക്കണമെന്നും ആവശ്യമുണ്ട്.