ആലുവ മൂന്നാര്‍ രാജ പാത തുറക്കണമെന്ന ആവശ്യം ശക്തം; വിഷയം ചർച്ച ചെയ്യാൻ മാങ്കുളം ഗ്രാമപഞ്ചായത്തിൽ ഇന്ന് പ്രത്യേക ഗ്രാമ സഭകൾ നടക്കും

മാങ്കുളം: രാജ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട പഴയ ആലുവ മൂന്നാര്‍ രാജ പാത സഞ്ചാരത്തിനായി തുറന്നു നല്‍കണമെന്ന ആവശ്യത്തിന് വീണ്ടും ശക്തിയാര്‍ജ്ജിക്കുകയാണ്. രാജപാത ഗതാഗതത്തിനായി തുറന്നു നൽകണമെന്നാവശ്യപ്പെട്ടും ഇതുമായി ബന്ധപ്പെട്ട തുടർവിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ഈ ആവശ്യത്തിൻമേൽ പ്രമേയം പാസാക്കുന്നതിനുമായി മാങ്കുളം ഗ്രാമപഞ്ചായത്തിൽ ഇന്ന് പ്രത്യേക ഗ്രാമസഭകൾ നടക്കും.
പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പതിമൂന്ന് വാർഡുകളിലും വിവിധ കേന്ദ്രങ്ങളിൽ ഇന്ന് ഗ്രാമസഭകൾ നടക്കും. ഇതുമായി ബന്ധപ്പെട്ട നടപടികൾ പഞ്ചായത്ത് പൂർത്തീകരിച്ചിട്ടുണ്ട്.
നിലവില്‍ വനംവകുപ്പ് അധീനപ്പെടുത്തിയിട്ടുള്ള പഴയ ആലുവ മൂന്നാര്‍ രാജ പാതയിലൂടെ യാത്ര അനുവദനീയമല്ല. ഇടുക്കിയുടെ വിനോദ സഞ്ചാരമേഖലക്കും മാങ്കുളമടക്കമുള്ള കാര്‍ഷിക ഗ്രാമങ്ങളുടെ വികസനത്തിനും വിവിധ ആദിവാസി ഊരുകളുടെ അടിസ്ഥാന സൗകര്യ വര്‍ധനവിനും സഹായകരമാകുന്ന റോഡിന്റെ നവീകരണം സാധ്യമാക്കി ഗതാഗതത്തിനായി തുറന്നു നല്‍കണമെന്നാണ് ആവശ്യം.
1924ലെ വെള്ളപ്പൊക്കത്തിന് ശേഷമായിരുന്നു പഴയ ആലുവ മൂന്നാര്‍ രാജ പാതയിലൂടെയുള്ള യാത്ര തടസ്സപ്പെട്ടത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കരിന്തിരിമലയില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടാവുകയും റോഡിന്റെ ചില ഭാഗങ്ങള്‍ യാത്ര സാധ്യമല്ലാത്ത വിധം തകരുകയും ചെയ്തു. പ്രളയാനന്തരം അടിമാലി വഴി ആലുവയേയും മൂന്നാറിനേയും ബന്ധിപ്പിച്ച് പുതിയ റോഡ് നിര്‍മിച്ചതോടെ രാജപാത ഉപേക്ഷിക്കപ്പെട്ട് കാലക്രമേണ വനംവകുപ്പിന്റെ അധീനതയിലായി. യാത്ര തടയപ്പെട്ടു. എന്നാല്‍ പൊതുമരാമത്തു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡില്‍ വനംവകുപ്പിന് യാതൊരു അധികാരവുമില്ലെന്ന് റോഡിലൂടെയുള്ള സഞ്ചാരസ്വാതന്ത്രത്തിനായി വാദിക്കുന്നവര്‍ പറയുന്നു.
റോഡ് തുറന്നാല്‍ യാത്രാ സൗകര്യം വര്‍ധിക്കുന്നതോടൊപ്പം ടൂറിസം, കാര്‍ഷിക, വ്യാവസായിക, വാണിജ്യ മേഖലകളിലും പുരോഗതിക്കു കാരണമാകുമെന്നു ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.കോതമംഗലത്ത് നിന്ന് അടിമാലി വഴി മൂന്നാറിലേക്ക് ഇപ്പോള്‍ ഉപയോഗിക്കുന്ന റോഡിന്റെ ദൂരം 80 കീലോമീറ്ററാണ്. എന്നാല്‍ രാജഭരണ കാലത്ത് നിര്‍മ്മിക്കപ്പെട്ട പഴയ ആലുവ മൂന്നാര്‍ പാതയിലൂടെ 60 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താല്‍ മൂന്നാറിലെത്താം. 20 കിലോമീറ്റര്‍ ദൂരം യാത്രക്കായി ലാഭിക്കാം. കുട്ടമ്പുഴ, പൂയംകുട്ടി, കുറത്തി, പെരുമ്പന്‍കുത്ത് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് റോഡ് മൂന്നാറിലെത്തുന്നത്. പൂയം കുട്ടിയില്‍ നിന്നും പെരുമ്പന്‍കുത്ത് വരെയുള്ള 27 കിലോമീറ്റര്‍ റോഡാണ് വനമേഖലയിലൂടെ കടന്നു പോകുന്നത്.
നിലവില്‍ പെരുമ്പന്‍കുത്തില്‍ നിന്നും കുറത്തിയിലേക്കുള്ള റോഡ് മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിര്‍മ്മാണജോലികളുമായി ബന്ധപ്പെട്ട് നവീകരിച്ചിട്ടുണ്ട്. രാജപാത തുറക്കണമെന്ന ആവശ്യം ശക്തമായി നിലനിൽക്കെയാണ് പാത തുറന്നാൽ ഏറ്റവും അധികം പ്രയോജനം ലഭിക്കുന്ന പഞ്ചായത്തുകളിൽ ഒന്നായ മാങ്കുളം പഞ്ചായത്ത് പ്രത്യേക ഗ്രാമസഭ വിളിച്ച് ചേർക്കാൻ തീരുമാനം കൈ കൊണ്ടിട്ടുള്ളത്. ഈ വിഷയത്തിൽ ഗ്രാമസഭ പാസാക്കുന്ന പ്രമേയം പഞ്ചായത്തിൻ്റെ തുടർ നടപടിക്രമങ്ങൾക്ക് ശേഷം സർക്കാരിന് സമർപ്പിക്കുന്നതോടൊപ്പം രാജപാതയുമായി ബന്ധപ്പെട്ട് നടക്കുന്ന കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് പ്രയോജനപ്പെടുത്താനും ലക്ഷ്യമിടുന്നു.