മുംബെെ സ്വദേശിനിക്ക് ദുരനുഭവം നേരിട്ട സംഭവം; മൂന്നാറിൽ ഓൺലൈൻ ടാക്‌സികൾക്ക് സർവീസ് നടത്താമെന്ന് ജില്ലാ കളക്ടർ

മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് സര്‍വീസ് നടത്താമെന്ന് ജില്ലാ കളക്ടര്‍. മൂന്നാറില്‍ ടാക്‌സികളെയും ഓഫ് റോഡ് ജീപ്പുകളെയും നിയന്ത്രിക്കാന്‍ അടിയന്തര യോഗം ചേരും. വിനോദസഞ്ചാരികളെ ആക്രമിച്ച ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കാനും നടപടികള്‍ ആരംഭിച്ചു. അതിനിടെ പ്രതികള്‍ക്ക് പരസ്യ പിന്തുണയുമായി ബിജെപി രംഗത്ത് എത്തിയിരുന്നു. പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടി ബിജെപി മൂന്നാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
മുംബൈ സ്വദേശിയായ ജാന്‍വി മൂന്നാറില്‍ നേരിട്ട ദുരനുഭവം ചര്‍ച്ചയായിരുന്നു. ഇത് വിനോദസഞ്ചാര മേഖലയെ ബാധിച്ചതോടെയാണ് അടിയന്തര നടപടികളിലേക്ക് കടക്കുന്നത്. ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് മൂന്നാറില്‍ സര്‍വീസ് നടത്തുന്നതിന് തടസ്സമില്ലെന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ജാന്‍വിയെ ഭീഷണിപ്പെടുത്തിയ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ഇരുപതോളം പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങളുടെ പെര്‍മിറ്റും റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു. അക്രമങ്ങള്‍ തടയാന്‍ മൂന്നാറില്‍ ഏകീകൃത സംവിധാനമായ ടൂറിസ്റ്റ് പൊലീസ് വേണമെന്ന ആവശ്യവും ശക്തമാവുകയാണ്



