എന്‍ജിനീയറിങ് വിഷയങ്ങളില്‍ മലയാള പദസംഗ്രഹം;വിദഗ്ധസമിതി സമ്മേളനം ഇടുക്കി എഞ്ചിനിയറിംഗ് കോളേജില്‍ ആരംഭിച്ചു

എന്‍ജിനീയറിങ് വിഷയങ്ങളില്‍ മലയാള പദസംഗ്രഹം തയ്യാറാക്കുന്നതിനുള്ള വിദഗ്ധസമിതി സമ്മേളനം ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജില്‍ ആരംഭിച്ചു. തിങ്കളാഴ്ച ആരംഭിച്ച സമ്മേളനം 19 ന് സമാപിക്കും. എഞ്ചിനീയറിങ് വിഷയങ്ങളില്‍ പ്രയോഗിക്കുന്ന സാങ്കേതിക പദങ്ങള്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം (മൂന്ന്) ഭാഷകളിലുമായി ഏകീകൃത രീതിയില്‍ തയ്യാറാക്കുന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ശാസ്ത്രസാങ്കേതിക പദാവലി കമ്മീഷന്‍ ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ശാസ്ത്രസാങ്കേതിക പദാവലി കമ്മീഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സന്തോഷ് കുമാര്‍, ഗവ.എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബൈജു ശശിധരന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഫിലുമോന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്. എഞ്ചിനീയറിങ് കോളേജിലെ വിവിധ എഞ്ചിനീയറിംഗ്് വിഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരോടൊപ്പം കട്ടപ്പന ഗവണ്‍മെന്റ് കോളേജിലെയും മുരിക്കാശ്ശേരി പാവനാത്മ കോളേജിലെയും മലയാള ഭാഷാ വിദഗ്ധരും സമ്മേളനത്തില്‍ പങ്കെടുത്തു.