‘കൽക്കി’ രണ്ടാം ഭാഗത്തിൽ ഇനി സുമതിയായി ദീപികയില്ല; ഔദ്യോഗികമായി അറിയിച്ച് നിർമാതാക്കൾ

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘കൽക്കി 2898 AD’-യുടെ രണ്ടാം ഭാഗത്തിൽ നടി ദീപിക പദുകോൺ ഉണ്ടാകില്ലെന്ന് നിർമാതാക്കളായ വൈജയന്തി മൂവീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കൽക്കിയുടെ ആദ്യ ഭാഗത്തിൽ ‘സുമതി’ എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിച്ചത്.
നാഗ് അശ്വിൻ സംവിധാനം ചെയ്ത ഈ എപിക് സയൻസ് ഫിക്ഷൻ ചിത്രം 600 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച് ആഗോളതലത്തിൽ 1200 കോടി രൂപയിലധികം നേടിയിരുന്നു. മഹാഭാരതത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദുൽഖർ സൽമാൻ, ശോഭന, ദിഷ പഠാനി, അന്ന ബെൻ എന്നിവരുൾപ്പെടെ ഒരു വലിയ താരനിര അണിനിരന്നിരുന്നു. ദീപികയ്ക്ക് പകരം ആരാണ് ഈ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ആരാധകർക്കിടയിൽ സജീവമാണ്. 2027-ൽ ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
രണ്ടാം ഭാഗം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം എടുത്തതെന്നും, ‘കൽക്കി’ പോലുള്ള ഒരു സിനിമ വലിയ രീതിയിലുള്ള പ്രതിബദ്ധത ആവശ്യപ്പെടുന്നുണ്ടെന്നും നിർമാതാക്കൾ അറിയിച്ചു. ദീപികയുടെ ഭാവി പ്രോജക്റ്റുകൾക്ക് ആശംസകൾ നേർന്നുകൊണ്ട് നിർമാതാക്കൾ ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
ദീപിക സിനിമയിൽ നിന്ന് പിന്മാറാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ബോളിവുഡ് സൈറ്റുകളിലെ ജോലി സമയത്തെ ചൊല്ലി ദീപിക ചില ഡിമാന്റുകൾ ഉന്നയിച്ചു അത് വാർത്തകളിൽ ഇടം നേടിയിരുന്നു. ദീപികയുടെ ഡിമാന്റുകൾ അംഗീകരിക്കാൻ ആകാതെ സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയിരുന്നു.
2024 ജൂൺ 27നാണ് കൽക്കി 2898 എഡി തിയേറ്റർ റിലീസ് ചെയ്തത്. ആദ്യ ദിനം മുതൽ മികച്ച കളക്ഷനാണ് തിയേറ്ററുകളിൽ നിന്ന് സിനിമ സ്വന്തമാക്കിയത്. ബാഹുബലി 2: ദ കൺക്ലൂഷൻ, കെജിഎഫ് ചാപ്റ്റർ 2, ആർ ആർ ആർ, ജവാൻ എന്നീ ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളെ അപേക്ഷിച്ച് വലിയ ബജറ്റിലൊരുങ്ങിയ സിനിമയാണ് കൽക്കി. ഇതിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ ബാഹുബലി 2: ദ കൺക്ലൂഷൻ 1416.9 കോടിയും കെജിഎഫ് ചാപ്റ്റർ 2 1000.85 കോടിയും ആർ ആർ ആർ 915.85 കോടിയും ജവാൻ 760 കോടിയും കൽക്കി 739 കോടിയുമാണ് നേടിയിരിക്കുന്നത്.