ചിത്തിരപുരത്തെ മണ്ണിടിച്ചില്‍; തുടര്‍ നടപടികളുമായി റവന്യു വകുപ്പും പോലീസും മുമ്പോട്ട്

അടിമാലി: അടിമാലി ചിത്തിരപുരം തട്ടാത്തിമുക്കിന് സമീപമുള്ള റിസോര്‍ട്ടിനോട് ചേര്‍ന്ന് നടന്ന് വന്നിരുന്ന നിര്‍മ്മാണ ജോലികള്‍ക്കിടെയായിരുന്നു ഇന്നലെ വൈകുന്നേരത്തോടെ മണ്ണിടിച്ചില്‍ ഉണ്ടായത്.റിസോര്‍ട്ടിനോട് ചേര്‍ന്ന് മണ്ണ് നീക്കി സംരക്ഷണ ഭിത്തി നിര്‍മ്മാണം നടന്നു വരികയായിരുന്നു.ഇതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികള്‍ക്ക് മേല്‍ പതിച്ചു.ഏറെ സമയത്തിന് ശേഷം തൊഴിലാളികളെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല.റിസോര്‍ട്ടുമായി ബന്ധപ്പെട്ട് നടന്നു വന്നിരുന്ന നിര്‍മ്മാണ ജോലികളില്‍ വലിയ അപകാത സംഭവിച്ചിട്ടുള്ളതായാണ് വിവരം.സ്റ്റോപ്പ് മെമ്മോ അവഗണിച്ച് നടത്തിയ നിര്‍മ്മാണ ജോലികള്‍ക്കിടെയാണ് ഇന്നലെ മണ്ണിടിച്ചില്‍ ഉണ്ടായതും രണ്ട് തൊഴിലാളികള്‍ക്ക് ജീവന് നഷ്ടപ്പെട്ടതും.ഈ വര്‍ഷം ആദ്യമായിരുന്നു റവന്യു വകുപ്പ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട നിര്‍മ്മാണ ജോലികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.എന്നാല്‍ ഈ സ്റ്റോപ്പ് മെമ്മോ അവഗണിച്ചും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമായിരുന്നു ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വന്നിരുന്നത്.സംഭവത്തില്‍ റിസോര്‍ട്ട് ഉടമ ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരെ തുടര്‍ നടപടികളുമായി റവന്യു വകുപ്പും പോലീസും മുമ്പോട്ട് പോകുകയാണ്.വിഷയത്തില്‍ റിസോര്ട്ടധികൃതരെ പ്രതികളാക്കി പോലീസ് എഫ് ഐ ആര് രജസിറ്റര്‍ ചെയ്തിട്ടുണ്ട്.ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുള്ളത്. റവന്യു അധികൃതരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെള്ളത്തൂവല്‍ പൊലീസിന്റെ നടപടിയെന്നാണ് വിവരം.സംഭവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.സ്റ്റോപ്പ് മെമ്മോ നല്കി മാസങ്ങള്‍ പിന്നിടുമ്പോള്‍ നടന്നു വന്നിരുന്ന അനധികൃത നിര്‍മ്മാണം റവന്യു വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടാതെ പോയതിനെതിരെയാണ് ആക്ഷേപം ഉയരുന്നത്.മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുകൊണ്ട് മണ്ണെടുത്ത് മാറ്റുകയും സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിനുള്ള കോണ്‍ക്രീറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇന്നലെ അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ് മണ്ണിടിച്ചില്‍ സംഭവിച്ചത്.