
അടിമാലി: യാത്രാ ക്ലേശം അനുഭവിക്കുന്ന ഇടമലക്കുടിക്കാരുടെ ദുരിതം അവസാനിക്കുന്നില്ല. പനി ബാധിച്ച ഗൃഹനാഥനെ കയ്യില്‍ താങ്ങി കിലോമീറ്ററുകളോളം നടന്നാണ് പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചത്. ഇടമലക്കുടി പഞ്ചായത്ത് പരിധിയില്‍ വരുന്ന കൂടലാര്‍ കുടി സ്വദേശിയായ വയോധികനെയാണ് പനി ബാധിച്ചവശനിലയിലായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ചേര്‍ന്ന് ചുമന്ന് ആശുപത്രിയിലെത്തിച്ചത്.
ആളുകള്‍ ചേര്‍ന്ന് കൈയ്യില്‍ താങ്ങിയെടുത്ത് കാട്ടുവഴിയിലൂടെ നടന്ന് ആനക്കുളത്ത് എത്തിച്ചു. തുടര്‍ന്ന വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ 28 ഉന്നതികളാണുള്ളത്. സൊസൈറ്റിക്കുടിയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കൂടലാര്‍, മീന്‍കുത്തി തുടങ്ങിയ ഭാഗങ്ങളിലുള്ളവര്‍ക്ക് ഇവിടെയെത്തുന്നതിന് കാട്ടിലൂടെ ഏറെ ദൂരം നടക്കേണ്ടി വരും. അതിനാലാണ് പ്രദേശവാസികള്‍ ദൂരക്കുറവുള്ള മാങ്കുളം ആനക്കുളം ഭാഗത്തേക്ക് രോഗികളെ എത്തിക്കുന്നത്.ഈ പാതയുടെ നവീകരണം നടത്തണമെന്ന ആവശ്യം ശക്തമാണ്.
കഴിഞ്ഞമാസം കൂടലാര്‍ കുടിയില്‍ പനി ബാധിച്ച് അഞ്ചുവയസ്സുകാരന്‍ മരിച്ചിരുന്നു. കുട്ടിയെ എടുത്തുകൊണ്ട് കാട്ടിലൂടെ നടന്ന് ആനക്കുളത്തെത്തിച്ചതിനുശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസങ്ങളിലൊക്കെയും അസുഖ ബാധിതരെ തുണി മഞ്ചലും മറ്റും നിര്‍മ്മിച്ച് ചുമന്ന് ഉന്നതിയിലെ ആളുകള്‍ പുറംലോകത്തെത്തിച്ചിരുന്നു. മൂന്നാറില്‍ നിന്ന് സൊസൈറ്റിക്കുടി വരെ മാത്രമാണ് നിലവില്‍ വാഹന സൗകര്യമുള്ളത്. പഞ്ചായത്ത് പരിധിയില്‍ വരുന്ന വിവിധ ഉന്നതികളിലേക്കുള്ള യാത്ര ഇപ്പോഴും ക്ലേശകരം തന്നെയാണ്.