
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിനെതിരെ മെഴുകുതിരി തെളിയിച്ച് പ്രതിഷേധ സമരവുമായി ഡി വൈ എഫ് ഐ. അടിമാലി ടൗണിലടക്കം രാത്രികാലങ്ങളെ പ്രകാശപൂരിതമാക്കാന്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഉയര വിളക്കുകള്‍ പലതും കൃത്യമായ അറ്റകുറ്റപ്പണികളുടെ അഭാവത്താല്‍ പ്രകാശിക്കുന്നില്ലെന്നാണ് ഡി വൈ എഫ് ഐയുടെ ആരോപണം.
ഉയരവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താതെ അടിമാലി ഗ്രാമപഞ്ചായത്ത് ഭരണസമിതി പുതിയ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ശ്രമം നടത്തുന്നുവെന്നും ഇതില്‍ അഴിമതിയുണ്ടെന്നും ആരോപിച്ചായിരുന്നു ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ മെഴുകുതിരി തെളിയിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. ഡി വൈ എഫ് ഐ അടിമാലി ബ്ലോക്ക് സെക്രട്ടറി സി എസ് സുധീഷ് സമരം ഉദ്ഘാടനം ചെയ്തു.
ഡി വൈ എഫ് ഐ ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തോഫീസിന് മുമ്പിലായിരുന്നു മെഴുകു തിരി തെളിയിക്കല്‍ പ്രതിഷേധം നടന്നത്. ദീപു എം ആര്‍, റിക്‌സണ്‍ പൗലോസ്, അനന്തകൃഷ്ണന്‍ എസ്, അനക്‌സ് എല്‍ദോസ് എന്നിവര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.